ഫ്രഷ്‌കട്ട്: ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കലക്ടര്‍

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. സംഘര്‍ഷത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കാനും അനാവശ്യ ഇടപെടലുകളും റെയ്ഡുകളും ഒഴിവാക്കാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി. തുടര്‍നടപടികളുമായി ബന്ധപ്പെട്ട് പൊലീസുമായി ചര്‍ച്ച നടത്തും.

ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുമായി (ഡി.എല്‍.എഫ്.എം.സി) ചര്‍ച്ച ചെയ്ത് പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊതുജനങ്ങളുടെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ തീരുമാനിച്ച് സര്‍വകക്ഷി പ്രതിനിധികളെ അറിയിക്കുമെന്നും കലക്ടര്‍ അറിയിച്ചു. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഡി.എല്‍.എഫ്.എം.സിയുടെയും അനുമതിയോടെയാണ് നിലവില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

പരിശോധനകള്‍ കൃത്യമായി നടക്കുന്നുമുണ്ട്. ഡി.എല്‍.എഫ്.എം.സിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തുടര്‍പരിശോധനകള്‍ നടത്താമെന്നും കലക്ടര്‍ പറഞ്ഞു. ദുര്‍ഗന്ധത്തിന് കാരണം കണ്ടെത്താന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. നിയമലംഘനം കണ്ടെത്തിയാൽ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.

നിലവില്‍ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. താല്‍ക്കാലികമായി മാലിന്യനീക്കം മലപ്പുറം ജില്ലയുമായി സഹകരിച്ച് നടത്തിയെങ്കിലും എതിര്‍പ്പ് വന്നിട്ടുണ്ട്. പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ തെളിവടക്കം ലഭിക്കുന്ന പരാതികളില്‍ നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍, ജില്ല കലക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കും.

കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പ്ലാന്റ് ആരംഭിക്കാന്‍ അനുമതി നല്‍കിയെങ്കിലും ജനാരോഷം കാരണം നിര്‍ത്തിവെക്കേണ്ടി വരുകയായിരുന്നു. ജില്ല ഭരണകൂടം ക്രിമിനലുകള്‍ക്കൊപ്പമല്ലെന്നും നാട്ടുകാര്‍ക്കൊപ്പമാണെന്നും കലക്ടര്‍ പറഞ്ഞു. സമരത്തില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയവരെ തിരിച്ചറിയുന്ന നിലയിലേക്ക് അന്വേഷണം കടന്നിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുമെന്നും കോഴിക്കോട് റൂറല്‍ പൊലീസ് അഡീഷനല്‍ സൂപ്രണ്ട് എ.പി. ചന്ദ്രന്‍ യോഗത്തെ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.കെ. രാഘവന്‍ എം.പി, എം. എല്‍.എമാരായ എം.കെ. മുനീര്‍, ലിന്റോ ജോസഫ്, സബ് കലക്ടര്‍ എസ്. ഗൗതം രാജ്, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി. രാകേഷ്, കോഴിക്കോട് റൂറല്‍ പൊലീസ് അഡീഷനല്‍ സൂപ്രണ്ട് എ.പി. ചന്ദ്രന്‍, റവന്യൂ അധികൃതര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികള്‍, പ്രദേശത്തെ ജനപ്രതിനിധികള്‍, ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം ജനകീയ സമരസമിതി പ്രതിനിധികളെ സർവകക്ഷി യോഗത്തിൽ പങ്കെടുപ്പിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. യോഗത്തിലേക്ക് മാധ്യമങ്ങളെയും പ്രവേശിപ്പിച്ചില്ല.

Tags:    
News Summary - Fresh Cut: Collector says people's concerns will be addressed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.