പി. വാസു
കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിമാർഗ സോഷ്യലിസ്റ്റുമായ പി. വാസുവേട്ടൻ നൂറാം വയസ്സിന്റെ നിറവിൽ. 1923 ജനുവരി 14ന് ചെറുവണ്ണൂർ പുതിയപറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായി ജനിച്ച വാസുവേട്ടൻ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കേരളക്കരയിലും ആവേശം പടർത്തിയപ്പോഴാണ് സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഭാഗമായത്.
ഇതോടെ രണ്ടാഴ്ച കോഴിക്കോട് സബ്ജയിലിലും മൂന്നു മാസം കണ്ണൂർ സെൻട്രൽ ജയിലിലുമായി തടവുശിക്ഷയനുഭവിച്ചു. പിന്നീട് പുറത്തിറങ്ങി കേളപ്പജിയുടെ മകൻ കുഞ്ഞിരാമക്കിടാവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനുവേണ്ടി ഫറോക്ക് ഫലത്തിൽ സ്വാതന്ത്ര്യ സമരഭടന്മാർ ബോംബു വെച്ചതിൽ പങ്കാളിയായി.
അറസ്റ്റിന് വഴിയൊരുങ്ങിയതോടെ മദ്രാസിലേക്ക് വണ്ടികയറിയ വാസുവേട്ടൻ ഹോട്ടലിൽ നിന്നൊഴിവാക്കുന്ന ഭക്ഷണവും പൈപ്പ് വെള്ളവും കഴിച്ച് തെരുവോരങ്ങളിൽ അന്തിയുറങ്ങിയാണ് അമ്പതുമാസം തള്ളിനീക്കിയത്. 1949 ഡിസംബർ 12ന് ജയപ്രകാശ് നാരായണനിൽ നിന്നുമാണ് സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് 1959ൽ ആർ.എം. മനക്കലത്തിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ കലക്ടറേറ്റ് പിക്കറ്റ് ചെയ്തതിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് രണ്ടുമാസം കോയമ്പത്തൂർ സെൻട്രൽ ജയിലിലും തടവു ശിക്ഷയനുഭവിച്ചു. 1965ലും ’68ലും കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റ് ചെയ്തതിനും തടവിലാക്കപ്പെട്ടു.
1976ൽ അടിയന്തരാവസ്ഥക്കാലത്ത് ഫറോക്ക് പോസ്റ്റ് ഓഫിസ് പിക്കറ്റ് ചെയ്തും അറസ്റ്റിലായി. തയ്യൽ ജോലിചെയ്ത് ജീവിതം തുടങ്ങിയ വാസുവേട്ടന്റെ കടയിൽ ഡോ. ലോഹ്യ കോഴിക്കോട് സന്ദർശിച്ചപ്പോൾ എത്തിയിരുന്നു. 1947 സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ സ്വാതന്ത്ര്യ സമരസേനാനികൾക്ക് വയനാട്ടിൽ പത്തേക്കർ ഭൂമിയും 2,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ജീവിത പ്രാരബ്ധങ്ങൾ ഏറെ ഉണ്ടായിട്ടും സോഷ്യലിസ്റ്റായ വാസുവേട്ടൻ അത് നിരസിക്കുകയായിരുന്നു. 1997ലെ സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ ദേശീയപുരസ്കാരം സമ്മാനിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ ഗാന്ധിയൻ ചെയർ അവാർഡടക്കം നിരവധി അംഗീകാരങ്ങൾക്കും അർഹനായ വാസുവേട്ടൻ നൂറാം വയസ്സിലും നഗരത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും അനീതിക്കെതിരായ സമരമുഖങ്ങളിലും നിറസാന്നിധ്യമാണ്.
കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനി പി. വാസുവിന്റെ നൂറാം പിറന്നാളാഘോഷവും ആദര സമ്മേളനവും വാസുവേട്ടൻ ജന്മശതാബ്ദി ആഘോഷ കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി ഗൃഹത്തിൽ നടന്നു. ‘സ്വാതന്ത്ര്യാനന്തര ഭാരതം: സങ്കൽപവും യാഥാർഥ്യവും’ സെമിനാർ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു.
ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മോഡറേറ്ററായിരുന്നു. ഡോ. എം.പി. മത്തായി വിഷയം അവതരിപ്പിച്ചു. പ്രഫ. ഹമീദ് ചേന്ദമംഗലൂർ, ഡോ. ആർസു, വിജയരാഘവൻ ചേലിയ എന്നിവർ സംസാരിച്ചു. ഇ.കെ. ശ്രീനിവാസൻ സ്വാഗതവും പി. ശിവാനന്ദൻ നന്ദിയും പറഞ്ഞു.
ആദരസമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.കെ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. എം.വി. ശ്രേയാംസ് കുമാർ, യു. രാമചന്ദ്രൻ, പ്രഫ. ടി. ശോഭീന്ദ്രൻ, പി. രമേഷ് ബാബു, പി. വാസു, ടി. ബാലകൃഷ്ണൻ, ആർ. ജയന്ത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.