കോഴിക്കോട്: ലക്ഷത്തിലേറെ രൂപ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയ സംഭവത്തിൽ തട്ടിപ്പിനിരയായ വിദ്യാർഥികൾ ജില്ല കലക്ടർക്കും സിറ്റി പൊലീസ് മേധാവിക്കും പരാതി നൽകി. കല്ലായി റോഡിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ മാനേജിങ് ഡയറക്ടർ ടി.വി. ശ്യാംജിത്തിനെതിരെയാണ് പരാതി നൽകിയത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കസബ പൊലീസ് അറസ്റ്റു ചെയ്തുവെങ്കിലും വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയത്. വ്യാജരേഖ ചമച്ചു, വിദ്യാർഥികളെ ഭീഷണിപ്പെടുത്തി എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ കേസെടുത്ത കസബ പൊലീസ് ദുർബല വകുപ്പാണ് ചുമത്തിയതെന്നും വിദ്യാർഥികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്. അതിനിടെ പ്രതിക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇദ്ദേഹത്തിതിരെ നാല് കേസുകളായി. അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയ സ്ഥാപനം വിദ്യാർഥികളിൽനിന്ന് വാങ്ങിവെച്ച ഫീസും സർട്ടിഫിക്കറ്റുകളും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും കഴിഞ്ഞ ദിവസം സ്ഥാപനം ഉപരോധിച്ചിരുന്നു. പിന്നാലെയാണ് മാനേജിങ് ഡയറക്ടറെ അറസ്റ്റുചെയ്തത്. പി.എസ്.സിയുടെ ഉൾപ്പെടെ അംഗീകാരമുണ്ടെന്ന് പരസ്യം ചെയ്ത് ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയേഷൻ ടെക്നോളജി തുടങ്ങിയ കോഴ്സുകളാണ് സ്ഥാപനം നടത്തിയത്. ഒരാളിൽനിന്ന് 1.20 ലക്ഷം രൂപവരെയാണ് കോഴ്സിന് ഫീസായി ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.