കോഴിക്കോട്: ബോട്ടുകളിൽ തീവ്ര ലൈറ്റ് ഉപയോഗിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ ആകര്‍ഷിച്ച് ഊറ്റിക്കൊണ്ടുപോകുന്നത് മത്സ്യലഭ്യത കുറയാനിടയാക്കുന്നതായി പരാതി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകളാണ് കടലിൽനിന്ന് ഇത്തരത്തിൽ നിയമവിരുദ്ധമായി മീൻ ഊറ്റിക്കൊണ്ടുപോവുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കടലില്‍ കൃത്രിമമായി അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്.
കടലിൽ 12 വാട്സിൽ താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതിന്റെ പതിന്മടങ്ങ് തീവ്രതയുള്ള ലൈറ്റ് ഉപയോഗിച്ചാണ് ബോട്ടുകൾ മീൻ ഊറ്റുന്നത്. ഹൈവോള്‍ട്ടേജ് എൽ.ഇ.ഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് മത്സ്യബന്ധനം. 100, 200 വാട്ട് എൽ.ഇ.ഡി ലൈറ്റുകളുടെ 20-30 എണ്ണമടങ്ങുന്ന സെറ്റ് വെള്ളത്തിൽ ഇറക്കിയാണ് മീൻപിടിത്തം.
പി.വി.സി പൈപ്പിൽ കോൺക്രീറ്റ് ഇറക്കി ചുറ്റും എൽ.ഇ.ഡി പാനൽ ഘടിപ്പിച്ച് കൃത്രിമ ലൈറ്റ് കടലിലേക്ക് ഇറക്കിയും മത്സ്യബന്ധനം നടത്തുന്നു. ഹാർബറുകളിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെടുമ്പോൾ ലൈറ്റ് ഘടിപ്പിക്കാതെ മറ്റു ഭാഗങ്ങളിലൂടെ ചെറുബോട്ടുകളിലും വള്ളങ്ങളിലും ലൈറ്റ് കടലിൽ എത്തിച്ച് ബോട്ടുകളിൽ ഘടിപ്പിക്കുന്നതും പതിവാണ്. ലൈറ്റ് ഘടിപ്പിച്ച ബോട്ടുകൾ ഉൾക്കടലിൽതന്നെ നങ്കൂരമിട്ട് ചെറിയ ബോട്ടുകളിലോ വള്ളങ്ങളിലോ മത്സ്യം കരയിലെത്തിക്കുന്ന രീതിയും ഇത്തരം ബോട്ടുകൾ അനുവർത്തിക്കുന്നു. 12 നോട്ടിക്കൽ മൈൽ പരിധിൽ പരിശോധന നടത്തുന്ന ഫിഷറീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം മത്സ്യബന്ധന ബോട്ടുകളെ പിടികൂടാനും കഴിയുന്നില്ല. ഇതുസംബന്ധിച്ച് തങ്ങൾ നരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.