കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് സ്റ്റോക്കില്ലാത്തത് തലാസീമിയ രോഗികളെ പ്രതിസന്ധിയിലാക്കുന്നു. തലാസീമിയ രോഗികൾക്ക് രക്തം നൽകുമ്പോൾ ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് ഉപയോഗിക്കും. രക്തത്തിൽ നിന്ന് വെളുത്ത രക്താണുക്കളെ അരിച്ചുമാറ്റുന്ന ഫിൽട്ടർ സെറ്റുകൾ ഉപയോഗിച്ചാൽ രക്തം കയറ്റുമ്പോൾ രോഗികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ കഴിയും.
ആശുപത്രികളിൽ ഇതിന്റെ സ്റ്റോക്ക് തീർന്നതോടെ രോഗികൾക്ക് രക്തം സ്വീകരിക്കുന്നത് വലിയ പ്രയാസം നേരിടുകയാണ്. ഇതോടെ രോഗികൾ മാസം തോറും സ്വീകരിക്കുന്ന രത്കത്തിന്‍റെ അളവ് കുറച്ചു. ഇത് തലാസീമിയാ രോഗികളുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ നില അപകടകരമായി കുറയാനിടയാക്കുകയാണ്. ഹീമോഗ്ലോബിന്‍റെ മതിയായ അളവ് ശരീരത്തിൽ നിലനിർത്താൻ പലപ്പോഴും മാസം തോറും രണ്ട് - മൂന്ന് യൂനിറ്റ് രക്തം വരെ രോഗികൾക്ക് ആവശ്യമായിവരും. എന്നാൽ ഫിൽട്ടർ സെറ്റില്ലാതെ രക്തം സ്വീകരിക്കാൻ ഭയപ്പെടുന്നത് കാരണം മാസത്തിൽ ഒരു യൂനിറ്റ് രക്തം മാത്രമാണ് രോഗികൾ സ്വീകരിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് കരീം കാരശ്ശേരി പറഞ്ഞു.
ഒരുവർഷത്തോളമായി തലാസീമിയ രോഗികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റും മരുന്നും മുടങ്ങിയിട്ടെന്നും കരീം കാരശ്ശേരി പറഞ്ഞു. പുറത്ത് എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഇത് ലഭിക്കില്ല. കോഴിക്കോട്ടെ രോഗികൾ ഇത് എറണാകുളത്ത് നിന്ന് എത്തിക്കുകയാണ്. ഒരു ഫിൽട്ടർ സെറ്റിന് 1100 രൂപ വേണം. അനുബന്ധ ചെലവുകൾ വേറെയും. നിർധന കുടുംബങ്ങളിൽ നിന്നുള്ള രോഗികൾക്ക് ഇതിന് പണം കണ്ടെത്തൽ വലിയ ബാധ്യതയാവുകയാണ്. ഫിൽട്ടർ സെറ്റ് സ്റ്റോക്ക് എത്തിക്കുന്നത് നടപടി സ്വീകരിച്ചതായും രണ്ടാഴ്ചക്കകം എത്തുമെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.