കോഴിക്കോട്: ഇടക്കിടെ വേനൽമഴ പെയ്യാൻ തുടങ്ങിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. കൊതുകുകളിലൂടെ പടരുന്ന ഡെങ്കിപ്പനി, ചികുൻ ഗുനിയ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ദിനംപ്രതി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം എഴുന്നൂറോളമായി വർധിച്ചതായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാവും.
സർക്കാർ ആശുപത്രിയിൽ എത്തുന്നവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടും. മഞ്ഞപ്പിത്തവും നിയന്ത്രണ വിധേമായില്ല. മഴക്കാലം എത്താറായിട്ടും മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കിയിട്ടില്ല.
ഇതുകാരണം നഗരത്തിലും ഗ്രാമങ്ങളിലും പൊതുഇടങ്ങളിൽ കൊതുകുകൾ പെരുകുന്ന വിധം മാലിന്യം കെട്ടിക്കിടക്കുകയാണ്. ഓട ശുചീകരണവും കാര്യമായി നടക്കുന്നില്ല. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) പദ്ധതി പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചീകരണ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല.
ഇതും പകർച്ചവ്യാധി പ്രതിരോധത്തിൽ തിരിച്ചടിയാവുകയാണ്. ഈ മാസം 14ന് ജില്ലയിൽ ചെള്ളുപനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിഴക്കോത്ത് പഞ്ചായത്തിൽ ഷിഗെല്ല, നഗര പരിധിയിൽ മലേറിയയും കോടഞ്ചേരി പഞ്ചായത്തിൽ മലേറിയയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 12ന് കാരശ്ശേരി പഞ്ചായത്തിലും ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.