മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് തട്ടിപ്പിൽ പ്രധാന സൂത്രധാരകരിൽ ഒരാൾ അറസ്റ്റിൽ. അക്കൗണ്ടന്റ് പുതുശ്ശേരി വളവിൽ വെള്ളോപ്പള്ളിൽ വി.സി. നിഥിനാണ് (39) അറസ്റ്റിലായത്. പെരിന്തൽമണ്ണയിലെ ഭാര്യവീട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാളെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്. ഏറെ സമ്മർദത്തിനൊടുവിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തയാറായതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അസി.എൻജിനിയർ ജോജോ ജോണി അബൂദബിയിലേക്ക് കടന്നതായാണ് സൂചന. ഓവർസിയർമാരായ കെ.എ. റിയാസ്, പ്രിയ ഗോപി നാഥ് എന്നിവരും കരാറുകാരും ഒളിവിലാണ്.
സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ബ്ലോക്ക് പ്രോഗ്രം ഓഫിസർ നടത്തിയ പ്രാഥമിക പരിശോധനയിൽ രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ തുക കൂടിയേക്കും. കോഴിക്കൂട്, ആട്ടിൻകുട്, റോഡുകളുടെ നിർമ്മാണം എന്നിവയിലും ഇല്ലാത്ത പദ്ധതിയായ കയർ ഭൂവസ്ത്രം വിരിക്കൽ തുടങ്ങിയ പദ്ധതികളിലാണ് പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി എന്നിവരുടെ ഡിജിറ്റൽ ഒപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. വെട്ടിപ്പ് പുറത്തായതോടെ താൽക്കാലിക ജീവനക്കാരായ നാലു പേരെയും സസ്പെൻഡ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തട്ടിപ്പിൽ പങ്കില്ലെങ്കിലും മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിന് പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും അസി.സെക്രട്ടറിക്കെതിരെയും നടപടി ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.