കോഴിക്കോട്: തെരഞ്ഞെടുപ്പാവശ്യങ്ങൾക്ക് ഏറ്റെടുത്ത വാഹന ഡ്രൈവർമാർക്ക് നിത്യച്ചെലവിനുള്ള പണം നൽകുന്നില്ലെന്ന് പരാതി. തെരഞ്ഞെടുപ്പ് ജോലിക്ക് കലക്ടറേറ്റ് മുഖാന്തരവും താലൂക്ക് മുഖാന്തരവും ഏറ്റെടുത്ത വാഹനങ്ങളുടെ ഡ്രൈവർമാരാണ് ഭക്ഷണം കഴിക്കാനുള്ള പണം കിട്ടാതെ പ്രയാസത്തിലാകുന്നത്. വാഹനത്തിന് കിലോമീറ്ററുകൾ കണക്കുവെച്ചുള്ള തുക തെരഞ്ഞെടുപ്പ് കഴിഞ്ഞേ കിട്ടുകയുള്ളൂ.
വണ്ടി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെത്തുടർന്ന് വാഹനം പിടിച്ചെടുത്ത വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ധനകാര്യ വിഭാഗത്തെ കാണാനാണ് നിർദേശം നൽകിയത്. ഇവരുമായി ബന്ധപ്പെട്ടെങ്കിലും നോട്ടിഫിക്കേഷൻ വരാത്തതിനാൽ ഒന്നും ചെയ്യാനാവില്ലെന്നാണ് അറിയിച്ചത്.
തുടർന്ന് ജില്ല കലക്ടറെ ചില ഡ്രൈവർമാർ സമീപിച്ചിട്ടുണ്ട്. അവസാന തെരഞ്ഞെടുപ്പിന് വാഹനം വിട്ടുകൊടുത്തപ്പോഴും ഡ്രൈവർമാർക്ക് ഭക്ഷണച്ചെലവിനുള്ള പണം അനുവദിച്ചിരുന്നു. നിത്യക്കൂലി കിട്ടി ജീവിക്കുന്ന ഡ്രൈവർമാർക്ക് കൂലി കിട്ടാൻ മാസങ്ങൾ വൈകുമെന്നതിനുപുറമെ ഭക്ഷണത്തിനുകൂടി കടംവാങ്ങേണ്ട അവസ്ഥയിലാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വേതനം സംബന്ധിച്ച് സർക്കാർ ഉത്തരവ് വന്നിട്ടുണ്ട്. ഭക്ഷണച്ചെലവിന് 250 രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഡ്രൈവർമാരെ പരിഗണിക്കാതിരിക്കുന്നത് അവഗണനയാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.