ബാങ്ക് ലോക്കർ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ടി. മനോഹരെന്റ നേതൃത്വത്തിൽ അന്വേഷണ സംഘം ബാങ്കിലെത്തുന്നു
വടകര: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരിച്ചുകിട്ടാതായതോടെ വയോധികൻ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ആത്മഹത്യചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് ബാങ്ക് ലോക്കർ പരിശോധിച്ചു. ആത്മഹത്യ ചെയ്ത തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ കനറാ ബാങ്ക് വടകര ശാഖയിലെ ലോക്കറാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തുറന്ന് പരിശോധിച്ചത്. കേസിൽ നിർണായക പല രേഖകളും ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.
സൊസൈറ്റിയിൽ ഇയാൾ നിക്ഷേപിച്ച 22 ലക്ഷം രൂപയുടെ ബോണ്ടുകൾ കണ്ടെടുത്തു. ബോണ്ടുകൾക്കൊപ്പം ചെറിയ സ്വർണ ഉരുപ്പടിയും പണമിടപാട് സംബന്ധിച്ച ഇടപാട് രേഖകളുമുണ്ടായിരുന്നു. നിക്ഷേപ രേഖകളിൽ അവകാശികളായി ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഭാര്യയും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇബ്രാഹിം ഹാജി വടകരയിലെ സ്വകാര്യ കെട്ടിടത്തിൽ തനിച്ച് താമസിച്ച് വരുന്നതിനിടെയാണ് വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരിച്ച് കിട്ടാതായതോടെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്.
ഇയാൾ താമസിച്ച ഗവ. ജില്ല ആശുപത്രി പരിസരത്തെ താമസസ്ഥലത്ത് ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലോക്കറിന്റെ താക്കോൽ ലഭിച്ചത്. ലോക്കർ തുറന്നു പരിശോധിക്കാൻ കോടതിയുടെ അനുമതി ക്രൈം ബ്രാഞ്ച് തേടിയിരുന്നു. അനുമതി ലഭിച്ചതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ലോക്കർ തുറന്ന് പരിശോധിച്ചത്. കണ്ടെടുത്ത രേഖകൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇബ്രാഹിം ഹാജിയുടെ ഫോൺ കോളുകൾ അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുകയാണ്. ഫോൺ പരിശോധനയിലൂടെ ഇബ്രാഹിം ഹാജിയുമായി ബന്ധമുള്ളവരെ കണ്ടെത്തി ഇയാളുടെ സാമ്പത്തിക ഇടപാടുകളും മറ്റും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമവും ക്രൈം ബ്രാഞ്ച് സംഘം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.