തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സർവകലാശാല അധികൃതർക്ക് കർശന നിർദേശങ്ങൾ നൽകി പൊലീസ്. വോട്ടെടുപ്പ്-വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ചുമതലയിലുള്ള അധ്യാപകർ ബാഗുകളോ മറ്റോ കൊണ്ടുവരാൻ പാടില്ല, വോട്ടർമാർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ, പോളിങ് ഏജന്റുമാർ എന്നിവർ മാത്രമേ ഇവിടങ്ങളിലുണ്ടാകാൻ പാടുള്ളൂ. വോട്ടെടുപ്പ്-വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് നൂറ് മീറ്റർ ചുറ്റളവിൽ മാത്രമേ വാഹനങ്ങൾക്ക് അനുമതി പാടുള്ളൂ, അനാവശ്യമായ ഇടപെടലുകൾ അനുവദിക്കില്ല തുടങ്ങിയ കാര്യങ്ങളിലാണ് കർശന നിർദേശം.
വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന സർവകലാശാല ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വിദ്യാർഥി സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് ഹൈകോടതി നിർദേശ പ്രകാരമുള്ള ഡി.എസ്.യു തെരഞ്ഞെടുപ്പിൽ ജാഗ്രത നിർദേശം പോലീസ് നൽകിയത്. ഇക്കാര്യങ്ങൾ കർശനമായും പാലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് പൊലീസിന്റെ നിലപാട്. ഹൈകോടതി നിരീക്ഷണത്തിലുള്ള ഡി.എസ്.യു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർവകലാശാല കാമ്പസിൽ പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.
ഒക്ടോബർ 10 മുതൽ കാമ്പസിൽ വിന്യസിച്ചിട്ടുള്ള ഒരു ബസ് പൊലീസ് സേനയെ കൂടാതെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ദിനമായ 31ന് നിയോഗിക്കും. വോട്ടെടുപ്പ് നടക്കുന്ന സർവകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്സിലും പരിസരത്തും വോട്ടെണ്ണുന്ന സർവകലാശാല സെനറ്റ് ഹൗസിലും പരിസരത്തും ശക്തമായ പൊലീസ് കാവലുണ്ടാകും. ബാരിക്കേഡ് സ്ഥാപിച്ച് പഴുതടച്ച നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഒക്ടോബർ 10 ലെ തെരഞ്ഞെടുപ്പ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്.
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അധ്യാപകർക്കെതിരെ വിമർശനവും ആരോപണങ്ങളും ഉന്നയിച്ച് അന്വേഷണ റിപ്പോർട്ട്. ബൈലോ പ്രകാരം സർവകലാശാല പ്രസിൽ അച്ചടിച്ച ബാലറ്റു പേപ്പറുകളിൽ റിട്ടേണിങ് ഓഫിസർമാർ ഇടപെട്ട് ഭേദഗതി വരുത്തിച്ചതടക്കമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലെ ഉള്ളടക്കം. ഐ.ഇ.ടി, ചെതലയം ഐ.ടി.എസ്.ആർ, തൃശൂർ ജെ.എം.സി എന്നീ ഉപകേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായാണ് നടത്തിയതെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുള്ളത്. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ബാലറ്റ് പേപ്പറുകൾ തെരഞ്ഞെടുപ്പ് നിയമാവലിയിൽ നിശ്ചിത മാതൃകയുമായി യോജിക്കുന്നില്ലെന്നും ബാലറ്റ് പേപ്പറുകളിൽ സീരിയൽ നമ്പർ ചേർക്കാത്തത് ഗുരുതര പിഴവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 10ന് നടന്ന വോട്ടെണ്ണൽ സമയത്ത് ഉണ്ടായ അക്രമസംഭവങ്ങളിൽ വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു. 1,400 വോട്ടുകൾ എണ്ണിയ ശേഷമാണ് സംഘർഷമുണ്ടായത്. വോട്ടെണ്ണൽ കേന്ദ്രമായ ഇ.എം.എസ് സെമിനാർ കോംപ്ലക്സ് ഹാളിലേക്ക് അനധികൃതമായി ഒരു വിഭാഗം വിദ്യാർഥികൾ കയറുകയായിരുന്നുവെന്നും അവർ മറ്റു ചില വിദ്യാർഥികളെ ആക്രമിച്ചതായും സെമിനാർ കോംപ്ലക്സിന്റെ വാതിലുകളും ജനലുകളും പൊലീസ് ലാത്തിചാർജിൽ തകർന്നതായും വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.