വടകര: ആരോഗ്യം, ശുചിത്വം, പശ്ചാത്തല വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവക്ക് മുൻതൂക്കം നൽകി വടകര നഗരസഭ ബജറ്റ്. വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനിയാണ് അവതരിപ്പിച്ചത്.
126.41 കോടി രൂപ വരവും 116.19 കോടി രൂപ ചെലവും 10.21 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നാളോം വയലിലെ കൃഷിക്കാർക്ക് വടകര വില്ലേജ് ടൂറിസം പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. നാളോം വയലിന്റെ പ്രത്യേക ഘടനയെ ഉൾക്കൊണ്ടും ഭൂമിയുടെ ജൈവഘടന സംരക്ഷിച്ചും പരിസ്ഥിതി സൗഹൃദവും കാർബൺ സന്തുലിതാവസ്ഥ ശക്തിപ്പെടുത്തിയും നടപ്പാക്കുന്നതാണ് പദ്ധതി.
വടകര കോട്ടപ്പറമ്പിൽ കുടുംബശ്രീ വനിതകൾക്ക് നാരി ഫുഡ് സ്ട്രീറ്റ് നടപ്പാക്കും. നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ നഗരവാസികൾക്ക് പാരമ്പര്യ ഭക്ഷണം ഒരുക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യ മേഖല ജനസൗഹൃദമാക്കുന്നതിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഗവ. ജില്ലാ ആശുപത്രിയുമായി ഇൻറർനെറ്റ് കണക്ടിവിറ്റിയിലൂടെ ബന്ധിപ്പിച്ച് പ്രായാധിക്യമുള്ളവർക്കും ഗർഭിണികൾക്കും പരിശോധന ഉറപ്പാക്കുന്ന ടെലിമെഡിസിൻ സംവിധാനം പൈലറ്റ് പദ്ധതിയായി നടപ്പിലാക്കും.
ബസ് സ്റ്റാൻഡുകളിൽ ഹെൽത്ത് എ.ടി.എം പദ്ധതിയും വിനോദ സഞ്ചാര മേഖലക്ക് ഹോം സ്റ്റേ പദ്ധതിയും നടപ്പിലാക്കും. കാർബൺ സന്തുലിതാവസ്ഥ നേടാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഒരു വാർഡ് പൈലറ്റ് വാർഡായി തെരഞ്ഞെടുത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കും. അജൈവ മാലിന്യ സംസ്കരണത്തിന് കുടുംബശ്രീ മുഖേന പച്ചക്കറി മാലിന്യങ്ങൾ ശേഖരിച്ച് പോത്തു കുട്ടികൾക്ക് തീറ്റയായി നൽകുന്ന പദ്ധതിക്കും തുടക്കം കുറിക്കും.
നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി ആമുഖ പ്രഭാഷണം നടത്തി. ബജറ്റ് ചർച്ചയിൽ ഇ.കെ. രമണി, പി. പ്രശാന്തി, കെ. ഗോപാലകൃഷ്ണൻ, പി.പി. സോമശേഖരൻ, പതേരി ശശി, എം. സുരേഷ് ബാബു, എം.പി. ഗംഗാധരൻ, പി. ജലാലുദ്ദീൻ, കെ. സുനിൽ കുമാർ, കെ.കെ. ദിൽഷാന, സി.കെ സജീർ, പി. പി. വ്യാസൻ, വി.കെ. ബൈജു, പി.കെ. സതീശൻ, എം. ഫൈസൽ, വി.എം. വിനു, ശരണ്യ വാഴയിൽ, പി.കെ. വൃന്ദ, കെ.കെ. ദിൽഷാൻ, ടി.പി. സഫീറ, മുഹമ്മദ് അജിനാസ്, പി. ജലാലുദ്ദീൻ, ഇ.കെ. രമണി, കെ. ഗോപാലകൃഷ്ണൻ, ടി.പി. രജില തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.