a.k sasheendran
കോഴിക്കോട്: 2011ലെ പിറവി മുതൽ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനും എ.കെ. ശശീന്ദ്രനും ഒപ്പം നിന്ന എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിന് തടയിടാൻ നീക്കം. മന്ത്രി എ.കെ. ശശീന്ദ്രന്റെ പാർട്ടിയായ എൻ.സി.പിയിൽ നിന്നും ജില്ലയിലെ ചില സി.പി.എം നേതാക്കളിൽനിന്നുമാണ് പ്രതിരോധശ്രമങ്ങൾ ഊർജിതമായി നടക്കുന്നത്.
ഘടകകക്ഷിയായ എൻ.സി.പി-എസിൽനിന്ന് എലത്തുർ മണ്ഡലം തിരികെയെടുക്കേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമുണ്ടെങ്കിലും എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് ചില ജില്ല സി.പി.എം നേതാക്കൾ സംസ്ഥാന നേതാക്കളെ അറിയിച്ചത്. ആ സമ്മർദത്തേക്കാളുപരി എ.കെ.ശശീന്ദ്രന് വെല്ലുവിളി ഉയരുന്നത് എൻ.സി.പി ജില്ല-സംസ്ഥാന ഘടകത്തിൽനിന്നു തന്നെയാണ്. ചൊവ്വാഴ്ച കോഴിക്കോട് ചേരുന്ന യോഗത്തിൽ ഇതിന്റെ പ്രത്യക്ഷപ്രതിഷേധവും ഉയരാനാണ് സാധ്യത.
എൻ.സി.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എ.കെ. ശശീന്ദ്രൻ വിഭാഗത്തിന് ഭൂരിപക്ഷമുള്ളതിനാൽ അദ്ദേഹത്തിന്റെ പേര് നിർദേശിക്കുമെന്ന ഉറപ്പ് വിമതർക്കുണ്ട്.
ഇതിന് തടയിടാനുള്ള നീക്കമാണ് നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഏക മലയാളിയായി പി.സി. ചാക്കോ മാത്രമാണുള്ളത്. ദേശീയ നേതൃത്വം സ്ഥാനാർഥിത്വം അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് എ.കെ. ശശീന്ദ്രൻ പക്ഷത്തിനുള്ളത്. മണ്ഡലം പിടിക്കാൻ എ.കെ. ശശീന്ദ്രന് കഴിയുമെന്ന ഉറപ്പ് സി.പി.എം സംസ്ഥാന നേതൃത്വം വെച്ചുപുലർത്തുമ്പോഴും സി.പി.എമ്മിന്റേതുൾപ്പെടെയുള്ള ചില പ്രാദേശിക നേതാക്കൾ നൽകിയ റിപ്പോർട്ട് എ.കെ. ശശീന്ദ്രൻ മത്സരിക്കേണ്ടതില്ലെന്നാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,64,350 വോട്ടുകളിൽ 83,639 വോട്ട് എ.കെ. ശശീന്ദ്രനായിരുന്നു. യു.ഡി.എഫ് സ്വതന്ത്രൻ സുൽഫിക്കർ മയൂരിക്ക് 45,137 വോട്ടും ബി.ജെ.പി സ്ഥാനാർഥി ടി.പി. ജയചന്ദ്രന് 32,010 വോട്ടും ലഭിച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ കൈവിട്ട് എം.കെ. രാഘവനൊപ്പം നിന്ന മണ്ഡലം പിടിക്കാൻ എ.കെ. ശശീന്ദ്രന് കഴിയുമെന്ന വിശ്വാസത്തിലാണ് സി.പി.എം നേതൃത്വം. എന്നാൽ, തതുടർച്ചയായ മത്സരവും എ.കെ. ശശീന്ദ്രന്റെ ആരോഗ്യ പ്രശ്നവുമാണ് എൻ.സി.പി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസും എ.കെ. ശശീന്ദ്രനും തമ്മിലുള്ള വടംവലി ശശീന്ദ്രനെതിരെ ഉപയോഗപ്പെടുത്താനും ശ്രമമുണ്ട്.
ഒരു വിഭാഗം എൻ.സി.പി ജില്ല-സംസ്ഥാന നേതാക്കൾ തനിക്കെതിരെ ആഞ്ഞടിച്ചിട്ടും എലത്തൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കം തുടരുകയാണ് എ.കെ. ശശിന്ദ്രൻ. എൻ സി.പി-എസിലെ ഗ്രൂപ്പിസവും പോരടിയും മൂലം കൂട്ടക്കൊഴിഞ്ഞുപോക്കുണ്ടെങ്കിലും എൽ.ഡി.എഫിന്റെ ശക്തിയിലാണ് എ.കെ. ശശീന്ദ്രൻ നിലയുറപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.