കോഴിക്കോട്: മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, പകർച്ചപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ പടരുമ്പോഴും ആവശ്യത്തിനു ഡോക്ടർമാരില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം. രോഗികളുടെ ബാഹുല്യലും ഡോക്ടർമാരുടെ കുറവും കാരണം എല്ലാ രോഗികളുടെയും അടുത്ത് ഓടിയെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഡോക്ടർമാർ.
നിലവിൽ നാല് അസിസ്റ്റന്റ് പ്രഫസർ, മൂന്ന് അസോസിയറ്റ് പ്രഫസർ, ഏഴ് സീനിയർ റസിഡന്റുമാർ എന്നിവരുടെ ഒഴിവാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അനുഭവപ്പെടുന്നത്. ആകെയുള്ള 10 റെസിഡന്റ് ഡോക്ടർമാരിൽ നിന്നാണ് ഏഴ് ഒഴിവുകൾ ഉള്ളത്. ഇതിൽ തന്നെ പ്രഫസർ, അസിസ്റ്റന്റ്-അസോസിയറ്റ് പ്രഫസർമാർക്ക് അധ്യാപക ജോലിയുമുണ്ടാവും.
ഇത്തരം സാഹചര്യങ്ങളിൽ സീനിയർ റെസിഡന്റ് ഡോക്ടർമാരായിരുന്നു രോഗീ പരിചരണത്തിൽ വലിയ മുതൽക്കൂട്ടായിരുന്നത്. എന്നാൽ, ആകെയുള്ള 10 റെസിഡന്റ് ഡോക്ടർമാരിൽ നിന്ന് ഏഴ് പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇതുകാരണം എല്ലാ രോഗികൾക്കും മതിയായ പരിചരണം ലഭിക്കാത്ത അവസ്ഥയാണ്. മെഡിക്കൽ കോളജിൽ വരുന്ന അഡ്മിറ്റ് കേസുകളിലും അത്യാഹിത വിഭാഗത്തിലും വരുന്ന കേസുകളിൽ 60 ശതമാനത്തോളവും കൈകാര്യം ചെയ്യേണ്ടത് മെഡിസിൻ വിഭാഗം ഡോക്ടർമാരാണ്.
ഈ ഡോക്ടർമാരുടെ അഭാവം നികത്താതെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിസ്സംഗരായി നിൽക്കുന്നത്. ഇവരുടെ ഒഴിവുവന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പകരം നിയമനത്തിനു നടപടിയായില്ല. ഇവിടെ നിന്നും ജനറൽ മെഡിസിനിൽ പി.ജി കഴിഞ്ഞവരെ കാസർകോട്, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ സീനിയർ റസിഡന്റുമാരായി നിയമിക്കുകയായിരുന്നു.
ഇവിടത്ത കാര്യം അധികൃതർ സൗകര്യ പൂർവം മറക്കുകയാണ്. നേരത്തെ ഒരു യൂനിറ്റ് ചീഫിനെ വയനാട്ടിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനുപുറമേ മറ്റൊരു യൂനിറ്റ് ചീഫിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം തീപിടിത്തത്തെത്തുടർന്ന് പഴയ ബ്ലോക്കിലേക്ക് മാറ്റുകയും കൂടി ചെയ്തതോടെ രോഗികളുടെ ആധിക്യവും ഡോക്ടർമാരുടെ അഭാവവും കാരണം ചരിത്രത്തിലെ തന്നെ ഏറ്റവും ദുസ്സഹമായ സാഹചര്യത്തിലൂടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അനുഭവപ്പെടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.