കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന പൊലീസ് കായികമേളയിലെ ലോങ് ജംപ്
മത്സരത്തില്‍നിന്ന്
കോഴിക്കോട്: കനത്ത ചൂടിനെ അവഗണിച്ചും കായിക കരുത്ത് കളത്തിൽ പ്രകടിപ്പിച്ച് ജില്ല പൊലീസ് വാർഷിക സ്പോട്സ് അത്ലറ്റിക് മീറ്റ്. പൊലീസ് സേനയിലെ നാനൂറോളം കായിക താരങ്ങളാണ് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ട്രാക്കിലും ഫീൽഡിലുമായി കായികക്ഷമത പ്രകടമാക്കി തിങ്കളാഴ്ച മാറ്റുരച്ചത്.
ടൗൺ, മെഡിക്കൽ കോളജ്, ഫറോക്ക്, ഡി.എച്ച്.ക്യൂ, കൺട്രോൾ ആൻഡ് ട്രാഫിക്, സ്പെഷൽ വിങ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കഴിഞ്ഞ തവണത്തെ ഓവറോൾ ചാമ്പ്യനായ വിഷ്ണു വത്സൻ ഇത്തവണയും ചാമ്പ്യനായി. 5000, 10000 മീറ്റർ മാരത്തണിൽ ഡി.എച്ച്.ക്യുവിലെ ഗോകുൽ മികച്ച വേഗമേറിയ താരമായി. ഡി.എച്ച്.ക്യു ഓവറോൾ ജേതാക്കളായി.
രണ്ടു ദിവസങ്ങളിലായാണ് ഗെയിംസ് നടന്നത്. അത്ലറ്റിക് മീറ്റ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയുടെ കായിക കരുത്ത് പ്രകടിപ്പിക്കാനും വർധിപ്പിക്കാനും ഇത്തരം മീറ്റുകൾ സഹായകമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഐ.ജി രാജ്പാൽ മീണ, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ, ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രൻ, അഡീഷനൽ പൊലീസ് സൂപ്രണ്ട് അബ്ദുൽ വഹാബ്, അസി. കമീഷണർമാരായ വിനോദൻ, ഉമേഷ്, അഷ്റഫ്, സിദ്ദിഖ്, ബോസ്, ബിജുരാജ്, സുരേഷ് ബാബു തുടങ്ങിയവർ മാർച്ച് പാസ്റ്റിനോടനുബന്ധിച്ച ചടങ്ങിൽ പങ്കെടുത്തു.
ഏതിനങ്ങളിലും പുതുതലമുറക്കൊപ്പം മത്സരിക്കാനും മുതിർന്ന സേനാംഗങ്ങൾക്ക് കഴിഞ്ഞത് സേനയുടെ കായികക്ഷമതയുടെ അടയാളം കൂടിയായി. രാവിലെ ആരംഭിച്ച മത്സരം വൈകീട്ട് ആറരയോടെയാണ് പൂർത്തിയായത്. 12 ഇനങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെയാണ് അത്ലറ്റിക്സ് മത്സരങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.