ജില്ല പഞ്ചായത്ത് യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധം
കോഴിക്കോട്: പയ്യോളി തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാന്റീൻ, മിൽമ ബൂത്ത് എന്നിവയുടെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിനെച്ചൊല്ലി ജില്ല പഞ്ചായത്ത് യോഗത്തിൽ ബഹളം. യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനൊടുവിൽ യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
അജണ്ടയിലുണ്ടായിരുന്ന, പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസ് കാന്റീൻ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ഡി.ഡി.ഇയുടെ റിപ്പോർട്ട് അവതരിപ്പിച്ചതിനുപിന്നാലെ കാന്റീൻ നടത്തിപ്പിൽ അഴിമതിയുണ്ടെന്നും കുറ്റക്കാരെ വെള്ളപൂശുന്ന റിപ്പോർട്ടാണ് അവതരിപ്പിച്ചതെന്നും സ്കൂൾ സ്ഥിതിചെയ്യുന്ന ഡിവിഷൻ അംഗംകൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. ദുൽഖിഫിൽ ആരോപിച്ചു. അഴിമതിയിൽ പ്രസിഡന്റിന് പങ്കുണ്ടെന്നും ദുൽഖിഫിൽ പറഞ്ഞതോടെ പ്രതിരോധവുമായി എൽ.ഡി.എഫ് അംഗങ്ങളും എഴുന്നേറ്റു.
അഴിമതി നടത്തിയത് ഡിവിഷൻ അംഗമായിരിക്കുമെന്ന് തിരിച്ചടിച്ച പ്രസിഡന്റ് ഷീജ ശശി, റിപ്പോർട്ടിൽ ഇനിയും വ്യക്തത വരുത്താവുന്നാണെന്ന് അറിയിച്ചുവെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല. മൂന്ന് വർഷം മുൻപ് താൻ പരാതി നൽകുകയും നിരവധി തവണ ഭരണസമിതി യോഗത്തിൽ വിഷയം ഉന്നയിക്കുകയും ചെയ്തിട്ടും ക്രമക്കേട് മറച്ചുവെക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണ് ശ്രമിച്ചതെന്ന് പറഞ്ഞ ദുൽഖിഫിൽ, പ്രസിഡന്റിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രസിഡന്റ് തനിക്കെതിരെ ഉന്നയിച്ച ആരോപണവും അന്വേഷിക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. ഐ.പി. രാജേഷ്, നാസർ എസ്റ്റേറ്റ്മുക്ക്, ധനീഷ് ലാൽ, പി.ടി.എം. ഷറഫുന്നീസ ടീച്ചർ എന്നിവരും പിന്തുണയുമായി രംഗത്തെത്തി.
റിപ്പോർട്ടിൽ പ്രശ്നമുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാമെന്നും അതിനുപകരം പ്രസിഡന്റിനെതിരെ വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് മാധ്യമശ്രദ്ധ കിട്ടാനാണെന്നും വൈസ് പ്രസിഡന്റ് പി. ഗവാസ് പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. സുരേന്ദ്രൻ, രാജീവ് പെരുമൺപുറ, സുരേഷ് കൂടത്താങ്കണ്ടി എന്നിവരും ഭരണപക്ഷത്തുനിന്ന് സംസാരിച്ചു. തൊട്ടുപിന്നാലെ മുസ്ലിം ലീഗ് പ്രതിനിധി പി.ടി.എം. ഷറഫുന്നീസ ടീച്ചർ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും അതനുവദിക്കാതെ പ്രസിഡന്റ് അടുത്ത അജണ്ടയിലേക്ക് കടന്നതോടെ യു.ഡി.എഫ് അംഗങ്ങൾ ഇരിപ്പിടം വിട്ടെഴുന്നേറ്റു. നടുത്തളത്തിലിറങ്ങിയ അവർ മുദ്രാവാക്യം മുഴക്കി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
നേരത്തേ കാക്കൂർ വില്ലേജിൽ ജില്ല പഞ്ചായത്തിന്റെ കൈവശമുള്ള 5.88 ഏക്കർ ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെതിരെയും വിമർശനമുയർന്നിരുന്നു. കൈയേറ്റക്കാരെ സംരക്ഷിക്കുന്നതാണ് റിപ്പോർട്ടെന്നും സർവേ നടത്താതെ കൈയേറ്റമുണ്ടായിട്ടില്ലെന്ന് പറയുന്നതെങ്ങനെയാണെന്നും യു.ഡി.എഫ് അംഗങ്ങൾ ചോദിച്ചപ്പോൾ സർവേ നടത്തുന്നുണ്ടെന്ന് പറഞ്ഞ് പ്രസിഡന്റ് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
കോഴിക്കോട്: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന മാനസികാരോഗ്യ സൊസൈറ്റിയുടെ നിയമാവലിക്ക് ഭരണസമിതി അംഗീകാരം. ഇതോടെ സൊസൈറ്റി രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കും. തുടക്കത്തിൽ ജില്ല പഞ്ചായത്ത് ഓഫിസ് കേന്ദ്രീകരിച്ചായിരിക്കും സൊസൈറ്റി പ്രവർത്തിക്കുകയെങ്കിലും പിന്നീട് കാക്കൂരിൽ ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിലേക്ക് മാറ്റും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സനും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വൈസ് ചെയർമാനും ജില്ല പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഗവേണിങ് ബോഡിയാണ് സൊസൈറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.