കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയിലേക്ക് ജില്ല സഹകരണ ഹോമിയോ ആശുപത്രി ലയിപ്പിക്കുന്നതിന് വകുപ്പ് നൽകിയ അംഗീകാരം വിവാദത്തിൽ. ചട്ടം മറികടന്നാണ് വ്യത്യസ്ത ഉദ്ദേശ്യലക്ഷങ്ങളുള്ള രണ്ട് സഹകരണ സ്ഥാപനങ്ങളെ ലയിപ്പിക്കാൻ ഉദ്യോഗസ്ഥൻ അനുമതി നൽകിയതെന്നാണ് ആക്ഷേപം. ഇരു സ്ഥാപനങ്ങളിലെ ഡയറക്ടർമാരും അംഗങ്ങളും ഇരു സഹകരണ സ്ഥാപനങ്ങളിലും അംഗങ്ങളാണെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. രണ്ട് ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ ലയനത്തിന് സാങ്കേതിക അനുമതി നൽകാൻ ചട്ടപ്രകാരം കഴിയില്ലെന്നാണ് സഹകര വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സ്ഥാപനങ്ങൾക്ക് ബ്രാഞ്ചുകൾ തുടങ്ങാമെന്നിരിക്കെ ലയനംസംബന്ധിച്ച് കർശനമാനദണ്ഡങ്ങളുണ്ട്. സർക്കാർ മാറ്റത്തിനുമുമ്പ് സഹകരണ വകുപ്പിൽനിന്ന് ആനുകൂല്യം നേടിയെന്നാണ് പരാതി. ഭരണ സമിതിയുടെ നിയമ വിരുദ്ധ പ്രവൃത്തിയാണിതെന്നാണ് വിലയിരുത്തൽ.
ദേശീയ പാതയോരത്ത് തലക്കുളത്തൂരിൽ കോടികൾ വിലമതിക്കുന്ന 7.67 ഏക്കർ സ്ഥലവും നഗരമധ്യത്തിലെ ആശുപത്രി കെട്ടിടവും ചെറുവണ്ണൂരിലും പാളയത്തുമുള്ള സബ് സെന്‍ററും ജില്ല സഹകരണ ആശുപത്രിയുടെ കീഴിൽ കൊണ്ടുവരാനുള്ള നീക്കമാണിതിനുപിന്നിലെന്നാണ് വിമർശം. സഹകരണ ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത് കസബ വില്ലേജിൽ കോഴിക്കോട് മാവൂർ റോഡിൽ ഉള്ള എൽ.ബി.എസ് സെന്ററിന് ചേർന്നുള്ള സർക്കാർ ഭൂമിയിൽ ആണ്. സർക്കാർ ഇത് പാട്ടത്തിന് നൽകിയതാണ്. ഈ സാഹചര്യത്തിൽ ലീസ് റദ്ദ് ചെയ്ത് ഭൂമി തിരിച്ചെടുക്കണമെന്നും പുതുക്കി നൽകരുതെന്നുമാവശ്യപ്പെട്ട് കഴിഞ്ഞദിവസം ജില്ല കലക്ടർക്ക് റിട്ട തഹസിൽദാർ പി. ശ്രീനിവാസൻ പരാതി നൽകി. അതേസമയം ലീസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് കസബ വില്ലേജിൽ ഹോമിയോ ആശുപത്രി അപേക്ഷ നൽകി.ഇതോടെ കൂടുതൽ നിയമക്കുരുക്കിലേക്ക് കാര്യങ്ങൾ എത്തും. നിലവിലെ ഹോമിയോ ആശുപത്രി തനിമ നിലനിർത്തി ആശുപത്രിയുടെ പ്രത്യേക യൂനിറ്റായി തുടർന്നു പ്രവർത്തിക്കുമെന്നും തലക്കുളത്തൂരിലെ സ്ഥലം മെഡിക്കൽ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നുമായിരുന്നു ലയനവേളയിൽ ഇരുസ്ഥാപനങ്ങളുടെയും ഭാരവാഹികൾ പറഞ്ഞത്. പുതിയ സർക്കാർ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.