ബീച്ച് ഫയർ സ്റ്റേഷനിലെ താൽക്കാലിക ഷെഡിൽ നിർത്തിയിട്ട വാഹനങ്ങൾ
കോഴിക്കോട്: നഗരത്തിലെ തീപിടിത്തം, വാഹനാപകടം തുടങ്ങി എല്ലാ അത്യാഹിതങ്ങളിലും രക്ഷാദൗത്യത്തിന് ഓടിയെത്തേണ്ട ബീച്ച് ഫയർ സ്റ്റേഷന് ഒരിടം കണ്ടെത്താതെ കോർപറേഷന്റെയും ജില്ല ഭരണകൂടത്തിന്റെയും അനാസ്ഥ. മൂന്ന് മാസം മുമ്പ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തമുണ്ടാവുകയും നഗരത്തിൽ കൂടുതൽ ഫയർ യൂനിറ്റില്ലാത്തത് കാരണം കനത്ത ആഘാതമുണ്ടാക്കുകയും ചെയ്തത് വൻ ചർച്ചയായിരുന്നു. എന്നിട്ടും കുടിയൊഴിപ്പിച്ച ബീച്ച് ഫയർ സ്റ്റേഷനെ താൽക്കാലികമായെങ്കിലും പുനഃസ്ഥാപിക്കാൻ അധികാരികൾ തയാറായിട്ടില്ല. സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്ന ബീച്ച് ഫയർ സ്റ്റേഷന് നഗരത്തിൽ ഒരിടമില്ലാതായിട്ട് രണ്ടുവർഷം പിന്നിട്ടു.
കാലപ്പഴക്കത്താൽ നിലംപൊത്താറായ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും നിർമാണം തുടങ്ങാനായിട്ടില്ല. ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഉണ്ടായിരുന്ന ഭാഗത്ത് താൽക്കാലികമായി ഷീറ്റിട്ടാണ് ഫയർസ്റ്റേഷന്റെ പ്രവർത്തനം. പഴയ ക്വാർട്ടേഴ്സിലാണ് ഓഫിസ് പ്രവർത്തനവും ജീവനക്കാരുടെ വിശ്രമവുമെല്ലാം. ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് വിലപിടിപ്പുള്ള ഉപകരണങ്ങൾവരെ സൂക്ഷിച്ചിരിക്കുന്നത്.
ഇവിടെയുണ്ടായിരുന്ന എട്ട് ഫയർ യൂനിറ്റുകളിൽ ഒന്ന് മാത്രം നഗരത്തിൽ നിലനിർത്തി മറ്റുള്ളവ മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം, കൊയിലാണ്ടി എന്നിവിടങ്ങളിലേക്കു മാറ്റി. ഇതോടെ നഗരത്തിൽ വലിയ അത്യാഹിതങ്ങളുണ്ടായാൽ മറ്റു സ്റ്റേഷനുകളിൽനിന്ന് ഏറെ ദൂരം സഞ്ചരിച്ചുവേണം കൂടുതൽ യൂനിറ്റുകൾ എത്താൻ. ഏതാനും ഉദ്യോഗസ്ഥർ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
ഫയർ സ്റ്റേഷനും ജില്ല, മേഖല ഫയർ ഓഫിസുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 17 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തുക അനുവദിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ കെട്ടിട നിർമാണ നടപടികൾ അനിശ്ചിതമായി നീളുകയാണ്. നഗരത്തിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളുടെയടക്കം പശ്ചാത്തലത്തിൽ ബീച്ച് ഫയർസ്റ്റേഷൻ കെട്ടിടം ഉടൻ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ വ്യാപാരി സമൂഹവും മറ്റു സന്നദ്ധ സംഘടനകളും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പലതവണ നിവേദനം നൽകിയെങ്കിലും നടപടികളുണ്ടായില്ല.
മിഠായിത്തെരുവിലെ പടക്കകട തീപിടിത്തത്തിലടക്കം പാതിവെന്ത മനുഷ്യ ജീവനുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ മുന്നിൽ നിന്ന സേനയോട് ജില്ലയിൽനിന്നുള്ള മന്ത്രിസഭ അംഗങ്ങളടക്കം നിസ്സംഗത പുലർത്തുകയാണെന്നാണ് പരാതി. മേൽപാലങ്ങളടക്കം മോഡി കൂട്ടാനും ലൈറ്റുകൾ സ്ഥാപിച്ച് മനോഹരമാക്കാനും സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴാണ് നഗരത്തിന് സുരക്ഷയൊരുക്കുന്ന സേനയുടെ കെട്ടിടനിർമാണത്തിനാവശ്യമായ ഫണ്ട് നൽകാതെ കടുത്ത അവഗണന കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.