പെരിന്തൽമണ്ണ: പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ വിയോഗത്തോടെ സമസ്ത കേരള ജംഇയ്യതുൽ ഉലമക്ക് നഷ്ടമായത് സാർവദേശീയ മേഖലയിൽ സാന്നിധ്യമറിയിച്ച പണ്ഡിതവര്യനെ. അറബ് ലോകത്തുൾപ്പെടെ സുപ്രധാന വൈജ്ഞാനിക ചർച്ചകളിൽ പണ്ഡിത പ്രതിനിധിയായി അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. സൗദി, ഈജിപ്‌ത്, ലിബിയ, തുർക്കി, സെനഗൽ, ഇറാഖ്, മൊറോക്കോ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സെമിനാറുകളിൽ സമഗ്രമായ പഠന പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലോകതലത്തിൽ ഇസ്‌ലാമിക ആത്മീയതയും തസവുഫും ചർച്ച ചെയ്യപ്പെട്ട വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പൂർവ വിദ്യാർഥി സംഘടനയായ ‘ഓസ്ഫോജനയിലൂടെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ മലയാളി പണ്ഡിതന്മാരുടെയും പ്രവാസികളുടെയും ആഗോള ശൃംഖല സൃഷ്ടിച്ചെടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ‘സമകാലിക പ്രശ്നങ്ങൾക്ക് ഇസ്‌ലാമിക കർമശാസ്ത്രത്തിലൂടെ പരിഹാരം’ വിഷയത്തിൽ ലിബിയ സർക്കാർ സംഘടിപ്പിച്ച സെമിനാറിൽ ആലിക്കുട്ടി മുസ്‍ലിയാർ അവതരിപ്പിച്ച പ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് 1989ൽ ഹൈദരാബാദിൽ നടത്തിയ സെമിനാറിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.