നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചാ​ത്ത​മം​ഗ​ലം ലൈ​ഫ് മി​ഷ​ൻ ഭ​വ​ന സ​മു​ച്ച​യം

ചാത്തമംഗലം ലൈഫ് മിഷൻ ഭവന സമുച്ചയം പൂർത്തിയായില്ല; നിർമാണത്തിൽ അഴിമതിയും അപാകതയുമെന്ന് ആരോപണം

കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്ത് 16-ാം വാർഡിൽ കുന്ദമംഗലം ഗവ. കോളജിന് സമീപം നിർമിക്കുന്ന ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണത്തിൽ ഗുരുതരമായ അപാകതകളും അഴിമതിയും നടന്നിട്ടുണ്ടെന്നും അടിയന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി. പൊതുപ്രവർത്തകരായ നൗഷാദ് തെക്കയിൽ, ഷരീഫ് മലയമ്മ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

2018ൽ പഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ ഒരേക്കർ സ്ഥലത്ത് നിർധനരായ ഗുണഭോക്താക്കൾക്കായാണ് പദ്ധതി ആരംഭിച്ചത്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിമിങ് (എൽ.ജി.എസ്.എഫ്) പ്രീഫാബ്രിക്കേറ്റഡ് സ്റ്റീൽ സ്ട്രക്ചർ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പണി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. നിലവിൽ നിർമിച്ച ഭാഗങ്ങളിൽ ഭൂരിഭാഗവും തുരുമ്പെടുത്ത് കെട്ടിടം ഘടനാപരമായ തകർച്ചയുടെ വക്കിലാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമായ സാങ്കേതിക അനുമതികളോ സുരക്ഷ പരിശോധനകളോ ഇല്ലാതെയാണ് നിർമാണം തുടരുന്നതെന്നും ഇത്തരം ദ്രവിച്ച ഫ്രെയിമുകളിൽ നിർമാണം നടത്തുന്നത് ഭാവിയിൽ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും പൊതുപണം ദുരുപയോഗം ചെയ്തതിനെക്കുറിച്ചും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അല്ലെങ്കിൽ ഉന്നതതല ഏജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പി.ഡബ്ല്യു.ഡി അല്ലെങ്കിൽ എൻ.ഐ.ടി എന്നിവിടങ്ങളിലെ സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധരെ ഉൾപ്പെടുത്തി കെട്ടിടത്തിന്റെ സ്ട്രക്ചറൽ ഓഡിറ്റ് നടത്തുക, വീഴ്ച വരുത്തിയ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുക, നഷ്ടമായ തുക ഈടാക്കുക, നിർമാണത്തിന് കൃത്യമായ മേൽനോട്ടം വഹിക്കാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ. വർഷങ്ങളായി ഭവനമെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന പാവപ്പെട്ട ഗുണഭോക്താക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Chathamangalam Life Mission housing complex not completed; allegations of corruption and defects in construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.