കോഴിക്കോട്: നീണ്ട ഇടവേളക്ക് ശേഷം റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ആരംഭിക്കാനൊരുങ്ങുമ്പോൾ പ്രതിസന്ധികളേറെ. എല്ലാ വർഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സർക്കാർ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാ കാർഡുകാർക്കും പ്രതിമാസം ഒരു ലിറ്റർ വീതം നൽകിയിരുന്നത്, ചുരുക്കി മുൻഗണന കാർഡുകൾക്ക് (മഞ്ഞ, പിങ്ക്) മൂന്നു മാസത്തിൽ അരലിറ്റർ വീതമാണ് നൽകുക. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.
മണ്ണെണ്ണ വിതരണം നടത്തുന്നതിന് നാലു മുതൽ അഞ്ചു വരെ മൊത്ത വിതരണക്കാർ ഓരോ താലൂക്കുകളിലും പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഒരു ജില്ലയിൽ ഒന്നോ രണ്ടോ ഡിപ്പോകൾ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. അതിനാൽ ഒരു ബാരൽ മണ്ണെണ്ണ അതായത് 200 ലിറ്റർ മണ്ണെണ്ണയെടുക്കാൻ 50, 60 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.
ഇതിന് 600 രൂപയെങ്കിലും ചെലവ് വരും. ഒരു വർഷത്തിലധികമായി മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറക്കുന്ന ബാരൽ തുരുമ്പു പിടിച്ച് ഉപയോഗ്യമല്ലാതായിട്ടുണ്ട്. പുതിയ ബാരൽ വാങ്ങാൻ 800 രൂപയെങ്കിലും അധികമായി മുടക്കേണ്ടതുണ്ട്.
മൂന്നു മാസത്തിലധികം മണ്ണെണ്ണ സ്റ്റോക്ക് വെക്കുമ്പോൾ മറ്റു ഇന്ധനങ്ങൾ പോലെ ബാഷ്പീകരണം ഉണ്ടാവുന്നുണ്ട്.
മൊത്തവ്യാപാരികൾക്ക് അനുവദിക്കുന്നതു പോലെ റേഷൻ വ്യാപാരികൾക്കും ലീക്കേജ് അനുവദിക്കണമെന്നും മണ്ണെണ്ണ സ്റ്റോക്കെടുക്കുന്നതിന് ഭീമമായ തുക മുതൽമുടക്കുന്നത് പ്രതിസന്ധിയാണെന്നും റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഇതു പരിഹരിക്കാൻ വ്യാപാരി പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായ ഏഴ് രൂപ കമീഷൻ നൽകി എല്ലാ കാർഡുകാർക്കും അര ലിറ്റർ വീതം മണ്ണെണ്ണ വിതരണം ചെയ്യണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.