കോഴിക്കോട്: നഗരത്തിന്റെ ഹൃദയമാണ് മാവൂർ റോഡ്. തിക്കും തിരക്കുമുണ്ടെങ്കിലും ഏറ്റവും ശാന്തമായ ഇടം. പ്രത്യേകിച്ചും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും. പക്ഷേ, രാത്രിയായാൽ ഈ പ്രദേശത്തിന്റെ മുഖം മാറും. ക്രിമിനലുകളും മയക്കുമരുന്ന് സംഘങ്ങളും അനാശാസ്യപ്രവർത്തകരും കടിഞ്ഞാൺ ഏറ്റെടുക്കുന്ന നഗരത്തിന്റെ ഇരുണ്ട മുഖമായി മാറും.
കഴിഞ്ഞ കുറച്ചുകാലങ്ങളായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം മാവൂർ റോഡിൽനിന്ന് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിൽ നടന്ന മരണം.
ഗോതീശ്വരം സ്വദേശി വിനോദ്കുമാർ (44) എന്നയാളാണ് മരിച്ചത്. ജൂലൈ 14നാണ് ശരീരമാസകലം മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. ദിവാകരൻ എന്നയാളുടെ മകനാണിയാൾ. കുറച്ചു ദിവസങ്ങളായി വീട്ടിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു ഇയാൾ. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാവൂർ റോഡിൽനിന്ന് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്കും അതിന് എതിർവശത്തായി യു.കെ. ശങ്കുണ്ണി റോഡിലേക്കും രണ്ട് ഇടവഴികളുണ്ട്. രാത്രിയായാൽ ഈ രണ്ടു വഴികളിലും ക്രിമിനലുകളുടെ വിളയാട്ടമാണ്. മയക്കുമരുന്ന് ഇടപാടുകാരും അനാശാസ്യപ്രവർത്തകരും ഈ വഴിയുടെ നിയന്ത്രണം കൈക്കലാക്കും. ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിലാണ് ക്രിമിനലുകൾ ഏറെ. ഇതരസംസ്ഥാന തൊഴിലാളികളും മയക്കുമരുന്ന് കച്ചവടക്കാരും ഗുണ്ടകളുമാണ് ഈ വഴിയുടെ രാത്രിയധിപന്മാർ. അടുത്തിടെ നാലു തവണയാണ് ഈ വഴിയിൽ കത്തിക്കുത്തുണ്ടായത്. തുടർന്ന് സിഗരറ്റും പാൻപരാഗുമൊക്കെ വിൽക്കുന്ന കടകൾ അധികൃതർ ഒഴിപ്പിച്ചിരുന്നു. അതിനു പുറമേ ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്ന പതിവുമുണ്ട്. കോർപറേഷൻ ശുചീകരണവിഭാഗം പലവട്ടം ഈ വഴി വൃത്തിയാക്കിയതാണ്. പക്ഷേ, ഏതാനും ദിവസങ്ങൾക്കകം വീണ്ടും പഴയപടിയാകും.
യു.കെ. ശങ്കുണ്ണി റോഡ് രാത്രിയായാൽ അനാശാസ്യ പ്രവർത്തനത്തിന്റെ കേന്ദ്രമായി മാറും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളുമുള്ള വഴിയിൽ വിദ്യാർഥിനികൾക്കുപോലും സുരക്ഷാഭീഷണിയുണ്ട്. സന്ധ്യകഴിഞ്ഞാൽ ഈ വഴിയിലൂടെ പെൺകുട്ടികൾക്ക് നടക്കാൻപോലും കഴിയില്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ക്രിമിനൽ സംഘങ്ങൾ വിലസുന്നത്. മയക്കുമരുന്ന് വ്യാപാരവും ഇവിടം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ക്രിമിനലുകൾക്ക് തമ്പടിക്കാൻ പാകത്തിലാണ് ബസ് സ്റ്റാൻഡിന്റെ അവസ്ഥ. ഇവർ അന്തിയുറങ്ങുന്നതും ബസ് സ്റ്റാൻഡ് കെട്ടിടത്തിൽതന്നെയാണ്. മുൻകാലങ്ങളിൽ രാത്രി പൊലീസ് പട്രോളിങ്ങുണ്ടായിരുന്നെങ്കിലും ഇപ്പോൾ പേരിനുപോലുമില്ല. ഇതും ക്രിമിനലുകൾക്ക് അവസരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.