പന്തീരാങ്കാവ്: പന്തീരാങ്കാവ് സ്റ്റേഷനിലെ ഒമ്പത് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് എസ്.ഐമാരും രണ്ടു വനിതാ പൊലീസുകാരുമടക്കമുള്ളവർക്കാണ് പോസിറ്റിവായത്. രണ്ടുപേർ നേരത്തേ കോവിഡ് ബാധിച്ചവരാണ്. ഒമ്പതു പേരും രണ്ടാം ഡോസ് പ്രതിരോധ കുത്തിവെപ്പെടുത്ത് ഒരു മാസം പൂർത്തിയായവരുമാണ്. മെഗാ ക്യാമ്പിെൻറ ഭാഗമായാണ് പൊലീസുകാർ പരിശോധന നടത്തിയത്. ആർക്കും മറ്റു ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഏപ്രിൽ 16നു നടത്തിയ പരിശോധനയുടെ ഫലം ആറു ദിവസത്തിനു ശേഷം പുറത്ത് വരുമ്പോഴാണ് ഇത്രയും പേർക്ക് പോസിറ്റിവ് റിപ്പോർട്ട് ചെയ്യുന്നത്. പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിലെ ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകൾ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ പൊലീസുകാർ മുഴുവൻ സമയവും ജോലിയിലാണ്. ഇവിടത്തെ മൂന്നിലൊരു ഭാഗത്തെയും കോവിഡ് നിയന്ത്രണങ്ങൾക്കായാണ് നിയോഗിച്ചത്. അതിനാൽ രോഗം സ്ഥിരീകരിച്ചവർക്ക് വലിയ സമ്പർക്കമുണ്ടാവാൻ സാധ്യതയേറെയാണ്.
നിലവിൽ പന്തീരാങ്കാവ് സ്റ്റേഷനിൽ 33 പേരാണുള്ളത്. പൊലീസ് സാന്നിധ്യം അറിവാര്യമായ സമയത്ത് ഒമ്പതു പേർ അവധിയിലാവുന്നത് പന്തീരാങ്കാവ് സ്റ്റേഷെൻറ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.