കോഴിക്കോട്: കോവിഡ് വ്യാപിക്കുമ്പോൾ വാർഡുകൾ പൂർണമായി അടച്ചുപൂട്ടുന്നതിനുപകരം മൈക്രോ കണ്ടെയ്മെൻറ് സോണുകൾ നടപ്പിലാക്കണമെന്ന് ആവശ്യമുയരുന്നു. കോവിഡ് ഒന്നാം ഘട്ടത്തിൽ ജില്ലയിൽ വിജയകരമായി നടപ്പാക്കിയ രീതിയായിരുന്നു ഇത്. കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നുവരുകയും രോഗസ്ഥിരീകരണ നിരക്ക് കൂടുകയും ചെയ്യുകയാണ്.
നിലവിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ഒഴിവാക്കണമെന്നും പല ഭാഗങ്ങളിൽ നിന്നും നിരന്തരം ആവശ്യമുയർന്നു കൊണ്ടിരിക്കുകയാണ്. കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് അടച്ചുപൂട്ടുന്ന നടപടികൾക്കെതിരെ വ്യാപാര സമൂഹവും പൊതുജനങ്ങളുമുൾപ്പെടെ രംഗത്തിറങ്ങിയിരിക്കുന്നു. ഈ അവസരത്തിലാണ്, ജില്ലയിൽ നേരത്തെ നടപ്പാക്കിയിരുന്ന മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ പ്രസക്തമാകുന്നത്. ഓരോ പഞ്ചായത്തിലെയും വാർഡുകളിൽ രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങൾ മാത്രം കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് മറ്റിടങ്ങൾ തുറന്നിടുന്ന രീതിയാണിത്. പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെൻറ് സോണാക്കുമ്പോൾ ആളുകൾ അനുസരിക്കാൻ മടിക്കുകയും യഥേഷ്ടം ഇറങ്ങി നടക്കുകയും ചെയ്യും. മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ ആകുമ്പോൾ അധികൃതർക്ക് ശ്രദ്ധിക്കാൻ സൗകര്യവും ആളുകൾ അനുസരിക്കുന്നതിന് സാധ്യത കൂടുതലുമാണ്. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പരാതികൾക്കും പരിഹാരമാകും.
ജൂൺ 22ന് 9000ത്തോളം കോവിഡ് കേസുകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ സംസ്ഥാനത്ത് 13000ത്തിലേറെയാണ് കേസുകൾ. അശാസ്ത്രീയ നിയന്ത്രണങ്ങൾ പലപ്പോഴും രോഗവ്യാപനം വർധിപ്പിക്കുന്നതിനാണ് ഇടവെക്കുന്നത്.
നേരത്തെ ലോക്ഡൗൺ സമയത്തെ നിയന്ത്രണങ്ങൾ മൂലം കുറഞ്ഞ രോഗ സ്ഥിരീകരണ നിരക്ക് ലോക്ഡൗൺ മാറിയതോടെ ഉയരാൻ തുടങ്ങി. എല്ലാകാലത്തും ജനങ്ങളെ പൂട്ടിയിടാൻ സാധിക്കില്ല എന്നതിനാൽ കോവിഡിനൊപ്പമുള്ള ജീവിതത്തെ കുറിച്ചാണ് ഇനി ചിന്തിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.നിരന്തരമുള്ള അടച്ചുപൂട്ടൽ മൂലമാണ്ക ടകൾ തുറക്കുന്ന ദിവസം ചെറിയ അങ്ങാടികളിൽപോലും ഗതാഗതക്കുരുക്കും ജനബാഹുല്യവും ഉണ്ടാക്കുന്നത്. ഇത് രോഗം വ്യാപിക്കുന്നതിന് മാത്രമേ ഇടവെക്കൂവെന്ന് വ്യാപാരികൾ തന്നെ പറയുന്നു. എല്ലാ ദിവസവും കടകൾ തുറക്കുകയാണെങ്കിൽ ചില ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന തിരക്കിന് ശമനം കിട്ടുകയും ഇന്നല്ലെങ്കിൽ നാളെ സാധനം വാങ്ങാമെന്ന അവസ്ഥ വന്നാൽ ആളുകൾ കുറേക്കൂടി സംയമനം പാലിക്കുമെന്നുമാണ് വ്യാപാരികൾ പറയുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് മൂന്നുദിവസം എല്ലാ കടകളും തുറക്കാൻ അനുവദിച്ചത് ആശ്വാസമായി കാണുകയാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.