കോർപറേഷൻ ഫണ്ട് തിരിമറി; മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

കോഴിക്കോട്: കോർപറേഷൻ ഫണ്ട് തിരിമറി കേസിൽ പ്രതി ചേർത്ത പി.എൻ.ബി മുൻ സീനിയർ മാനേജർ എം.പി. റിജിൽ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹരജി കോടതി ശനിയാഴ്ച പരിഗണിക്കും. അഡ്വ. എം. അശോകൻ മുഖേനയാണ് ഹരജി നൽകിയത്.

പുറത്തുകൊണ്ടുവന്നത് കോർപറേഷൻ ഇടപെടലിൽ -മേയർ

കോഴിക്കോട്: കോർപറേഷൻ ഇടപെട്ടതുകൊണ്ടാണ് പി.എൻ.ബി ബാങ്ക്‌ മുൻ മാനേജർ എം.പി. റിജിൽ നടത്തിയ കോടികളുടെ തട്ടിപ്പ്‌ പുറത്തറിഞ്ഞതെന്ന് മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്‌ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോർപറേഷൻ പൂരക പോഷകാഹാര പദ്ധതിയുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ ചെക്ക് സമർപ്പിച്ചപ്പോഴാണ് തിരിമറി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പോഷകാഹാര പദ്ധതിയിൽ 4,82,675 രൂപ അടക്കാനുള്ള ഫയൽ അക്കൗണ്ട്സ് വിഭാഗം പരിശോധിച്ചപ്പോഴാണ് സംശയം വന്നത്. 2,77068 രൂപ മാത്രമേ അക്കൗണ്ടിൽ ബാക്കിയുള്ളൂവെന്ന് കണ്ടെത്തി പരിശോധിച്ചപ്പോൾ പല തവണയായി കോടികൾ പിൻവലിച്ചത് കണ്ടെത്തി.

കോർപറേഷൻ അറിയിച്ച പ്രകാരമാണ് തിരിമറി കണ്ടതെന്ന് ബാങ്ക് തന്നെ അറിയിച്ചിട്ടുണ്ട്. പിശകുകൾ കോർപറേഷൻ ചൂണ്ടിക്കാണിച്ചതോടെയാണ്‌ ബാങ്ക്‌ പരിശോധന നടത്തി തട്ടിപ്പ്‌ കണ്ടെത്തിയത്‌. രണ്ടു ദിവസം മുമ്പ്‌ ടൗൺ പൊലീസിലും ബാങ്കിലും കോർപറേഷൻ പരാതിയും നൽകുകയായിരുന്നുവെന്നും മേയർ പറഞ്ഞു.

കോർപറേഷനുള്ള ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റുകളിലും കൃത്രിമം, സന്ദേശങ്ങൾ തടഞ്ഞു

കോഴിക്കോട്‌: പണം നഷ്ടപ്പെട്ടത് അറിഞ്ഞപ്പോൾ ആരോപണവിധേയനായ റിജിൽ ഇടപെട്ട് ബാങ്ക്‌ സ്‌റ്റേറ്റുമെന്റുകളിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്‌ നടത്തിയത്. പണം പിൻവലിക്കുന്നത്‌ അറിയാതിരിക്കാൻ ഉപയോഗിക്കാതെ കിടന്ന അക്കൗണ്ടുകളിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.

യഥാർഥ നിക്ഷേപ തുക വ്യാജമായി കാണിക്കുന്ന സ്‌റ്റേറ്റ്മെന്റ്‌ കോർപറേഷന്‌ കൈമാറി. പണം പിൻവലിക്കുമ്പോൾ സന്ദേശങ്ങൾ വരാതിരിക്കാനുള്ള സംവിധാനവും ചെയ്തു. ഇത് ബ്ലോക്ക് ചെയ്താവാമെന്ന് കരുതുന്നു. കോർപറേഷൻ ആവശ്യപ്പെട്ടപ്പോൾ ബാങ്കിൽനിന്ന് കൈമാറിയ സ്‌റ്റേറ്റ്‌മെന്റിൽ തെറ്റായ കണക്കാണ് നൽകിയതെന്നും കണ്ടെത്തി.

പണം പിൻവലിച്ചത് മറച്ചുവെച്ചായിരുന്നു വ്യാജ സ്‌റ്റേറ്റ്‌മെന്റ്‌. ബാങ്കിലുള്ള സ്‌റ്റേറ്റ്‌മെന്റും കോർപറേഷന് നൽകിയ അക്കൗണ്ട്‌ വിവരങ്ങളും രണ്ടാണെന്ന് തെളിഞ്ഞു. വിദഗ്‌ധമായി നടത്തിയ തട്ടിപ്പ്‌ ഒരാൾക്ക്‌ ഒറ്റക്കുമാത്രം നടത്താൻ പറ്റുന്നതാണോ എന്നും പരിശോധിക്കുന്നു.

തിരിമറി കണ്ടെത്തിയപ്പോഴും മാനേജർ ഇടപെട്ടു

അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയപ്പോൾ മാനേജറായ പ്രതി പിശക്‌ സംഭവിച്ചതാണെന്ന് കോർപറേഷൻ ഓഫിസിൽ നേരിട്ട് വിളിച്ച് പറഞ്ഞ് പെട്ടെന്ന്‌ തുക നൽകുകയായിരുന്നു. ലിങ്ക് റോഡ് ശാഖയിൽനിന്ന് എരഞ്ഞിപ്പാലത്തേക്ക് സ്ഥലംമാറിപ്പോയിട്ടും ഇദ്ദേഹത്തിന് പഴയ ശാഖയിലുള്ള അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കാനായി എന്ന് ഇത് തെളിയിക്കുന്നു. അപാകതകൾ കണ്ടതിനെ തുടർന്നാണ് ബ്രാഞ്ചിലെ ഇപ്പോഴത്തെ മാനേജർ സി.ആർ. വിഷ്ണു ടൗൺ പൊലീസിൽ പരാതി നൽകിയത്.

കോർപറേഷന്റെതല്ലാത്ത അക്കൗണ്ടുകളിലും കൃത്രിമം നടന്നുവോയെന്ന് പരിശോധന

പി.എൻ.ബി ലിങ്ക് റോഡ് ശാഖയിൽ കോർപറേഷന്റെതല്ലാത്ത അക്കൗണ്ടുകളിലും തിരിമറി നടന്നുവോയെന്ന കാര്യവും പൊലീസും ബാങ്കും അന്വേഷിക്കുന്നുണ്ട്. കോർപറേഷന് മാത്രം സ്വന്തം പേരിൽ 44 ഉം കുടുംബശ്രീയുടെ പേരിൽ രണ്ടും അക്കൗണ്ടുകളുമാണ് വിവിധ ബാങ്കുകളിലായി ഉള്ളത്.

2019 മുതലുള്ള അക്കൗണ്ടുകൾ പരിശോധിക്കും

പലിശയടക്കമുള്ള തുകയാണ് കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത്. ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ കൃത്രിമത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കോർപറേഷൻ കാര്യമായ നടപടിയെടുത്തില്ലെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അറിയിച്ചു.

2019 മുതൽ ആരോപണ വിധേയനായ മാനേജർ ബാങ്കിൽ ചുമതലയിലുണ്ട്. ഈ സാഹചര്യത്തിൽ 2019 മുതലുള്ള കോർപറേഷന്റെ അക്കൗണ്ടുകൾ മുഴുവൻ പരിശോധിക്കാൻ കോർപറേഷൻ തീരുമാനിച്ചു. പണം തിരിച്ചു കിട്ടിയ ശേഷം പി.എൻ.ബി ബാങ്കിൽ കോർപറേഷൻ അക്കൗണ്ട് തുടരണമോയെന്ന കാര്യം പരിഗണിക്കും. ദിവസവും കണക്ക് പരിശോധിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Tags:    
News Summary - Corporation Fund fraud-manager applied for anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.