കോഴിക്കോട്: പാചക വാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്‍സിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ചൊവ്വാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എല്‍.പി.ജി ഓപണ്‍ ഫോറത്തില്‍ പരാതികള്‍ കേട്ടശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. റീഫില്‍ സിലിണ്ടര്‍ വീട്ടിലെത്തിച്ചു നല്‍കുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
ഏജന്‍സി ഷോറൂമില്‍നിന്ന് അഞ്ച് കി.മീറ്റർ ദൂരപരിധിവരെ സൗജന്യ ഡെലിവറിയാണ്. അതിനുശേഷമുള്ള ഓരോ അഞ്ച് കി.മീറ്റർ ദൂരത്തിനും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഗ്യാസിന്റെ വിലയും ട്രാൻസ്പോർട്ടേഷന് ചാര്‍ജും ബില്ലില്‍ രേഖപ്പെടുത്തണം. ബില്‍ തുക മാത്രമേ ഉപഭോക്താവില്‍നിന്ന് വാങ്ങാന്‍ പാടുള്ളൂ.
നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതായി തെളിഞ്ഞാല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉൾപ്പെടെ റദ്ദാക്കും. അമിത തുക ഈടാക്കുന്ന ഏജന്‍സിക്കെതിരെ ഉപഭോക്താക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കണമെന്നും പാചക വാതക സിലിണ്ടറുകളുടെ തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടുത്തുന്നതിന് ഡെലിവറി വാഹനത്തില്‍ തൂക്കുമെഷീന്‍ നിര്‍ബന്ധമായും വേണം. പാചക വാതക വിതരണ ഗോഡൗണിലും വാഹനങ്ങളിലും താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന ഉൾപ്പെടെ നടത്തണമെന്നും കലക്ടര്‍ നിർദേശിച്ചു. സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട് അമിത തുക ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരെ ഓപണ്‍ ഫോറത്തില്‍ പരാതികള്‍ ഉയര്‍ന്നു. റെസിഡന്‍സ് കൂട്ടായ്മകളും ഉപഭോക്തൃ സംഘടന പ്രതിനിധികളും വിതരണവും തൂക്കവും സംബന്ധിച്ച പരാതികള്‍ ഉന്നയിച്ചു.
അധികമായി ഒരു സിലിണ്ടര്‍കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഓപണ്‍ ഫോറത്തില്‍ എത്തിയ കട്ടിപ്പാറയിലെ നിര്‍ധനയായ വീട്ടമ്മക്ക് സിലിണ്ടറിന്റെ ഡെപ്പോസിറ്റ് തുക മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി കൈമാറി. എ.ഡി.എം സി. മുഹമ്മദ് റഫീഖ് തുക പട്ടേരികുടിയില്‍ ഭാരത് ഗ്യാസ് ഏജന്‍സി മാനേജര്‍ മുഹമ്മദ് കബീറിനെ ഏൽപിച്ചു.
ജില്ല സപ്ലൈ ഓഫിസര്‍ എസ്.ഒ. ബിന്ദു അധ്യക്ഷതവഹിച്ചു. ബി.പി.സി.എല്‍ സെയില്‍സ് ഓഫിസര്‍ സച്ചിന് കാഷ്യേ, ജില്ല സപ്ലൈ ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് സി. സദാശിവന്, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, ഗ്യാസ് ഏജന്‍സി ഡീലര്‍മാര്‍, വിതരണക്കാര്‍, ഉപഭോക്തൃ സംഘടന ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.