കോഴിക്കോട്: നാദാപുരത്തെ മയ്യഴി പുഴയോട് ചേർന്ന തെരുവംപറമ്പ് പുഴയോരം മണ്ണിട്ട് നികത്തി കളിസ്ഥലം നിർമിക്കുന്നതിന് അനുമതി നിഷേധിച്ച് ജില്ല പഞ്ചായത്ത് യോഗം. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് 40 ലക്ഷത്തോളം രൂപ ചെലവിൽ പദ്ധതി നടപ്പാക്കുന്നത്. 10 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് നൽകുക. യോഗത്തിൽ സുരേഷ് കൂടത്താങ്കണ്ടിയാണ് വിഷയം ഉന്നയിച്ചത്. സ്ഥലം സന്ദർശിച്ച് പദ്ധതി നടപ്പാക്കാനാവില്ലെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അഭിപ്രായപ്പെട്ടിട്ടും പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടുപോകുകയായിരുന്നുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. നാദാപുരം പഞ്ചായത്തിൽ മറ്റേതെങ്കിലും ഇടത്ത് കളിസ്ഥലത്തിന് സ്ഥലം കണ്ടെത്തണമെന്നും യോഗം നിർദേശിച്ചു.
ജില്ല പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ സ്പന്ദനം പ്രോജക്ടിൽ ജോലിചെയ്യുന്ന 18ഓളം ഉദ്യോഗസ്ഥർക്ക് നവംബർ മാസം മുതൽ വേതനം നൽകിയിട്ടില്ല. ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദ ചൈൽഡ് ആൻഡ് അഡോളസന്റ് കെയർ സെന്റർ എന്ന സ്ഥാപനം 2013 മുതൽ പ്രവർത്തിച്ചുവരുന്നുണ്ട്. പുറക്കാട്ടിരി സെന്ററിലും ഒമ്പത് സബ് സെന്ററുകളിലുമായി ഓട്ടിസം, സെറിബ്രൽ പാൾസി, എ.ഡി.എച്ച്.ഡി തുടങ്ങിയവക്ക് ചികിത്സ നൽകിവരുന്ന പദ്ധതിയെ നൂതനപദ്ധതിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചതോടെയാണ് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നത്. പരാമർശം നീക്കിക്കിട്ടാനും മെഡിക്കൽ ഓഫിസർ, സൈക്കോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, യോഗ ട്രെയിനർ എന്നിങ്ങനെ 18 ജീവനക്കാർക്ക് നവംബർ മുതലുള്ള ശമ്പളം ലഭിക്കുന്നതിനുമായി സർക്കാറിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
വടകര ജില്ല ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന് 1.7 കോടി രൂപ അനുവദിച്ചതു സംബന്ധിച്ച അജണ്ടയിൽ പണം ആരാണ് നൽകിയതെന്നോ എസ്റ്റിമേറ്റും അനുമതിയും നൽകിയതും ആരാണെന്നതോ സംബന്ധിച്ച് വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും വി.പി. ദുൽഖിഫിൽ അറിയിച്ചു.
കാക്കൂർ ശ്രദ്ധാഭവൻ പ്രദേശത്തെ ഫലവൃക്ഷങ്ങളിൽനിന്ന് വിളവെടുക്കുന്നത് 90,000 രൂപ വാല്വേഷൻ തുകയായി കാണിച്ച് ലേല നടപടികൾ സ്വീകരിച്ചെങ്കിലും ആരും ലേലം വിളിക്കാൻ തയാറായില്ല. ഈ സാഹചര്യത്തിൽ മൂന്ന് വർഷത്തേക്ക് ഒരേ കരാറുകാരന് തന്നെ വേണമെങ്കിൽ ഓരോ വർഷവും 90,000 രൂപ നിരക്കിൽ കരാർ നൽകാവുന്നതാണെന്നും യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനായി ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സനായ വൈസ് പ്രസിഡന്റ് പി. ഗവാസിനെ ചുമതലപ്പെടുത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജി. അജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ പി. സുരേന്ദ്രൻ, കെ.വി. റീന, നിഷ പുത്തൻപുരയിൽ, ഡിവിഷൻ മെംബർമാരായ സി.വി.എൻ. നജ്മ, വി.പി. ദുൽഖിഫിൽ, റംസീന നരിക്കുനി, നാസർ എസ്റ്റേറ്റ് മുക്ക്, രാജീവ് പെരുമൺപുറ എന്നിവർ സംസാരിച്ചു.
കോഴിക്കോട്: ജില്ല പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പുകളിൽനിന്ന് ഉയർന്ന 81 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾ ജില്ല പഞ്ചായത്ത് ഗ്രാമസഭ അംഗീകരിച്ചു. പാർപ്പിടം 10 കോടി, വനിത മേഖല നാല് കോടി, കുട്ടികൾ-ഭിന്നശേഷി-ട്രാൻസ് ജെൻഡർ രണ്ട് കോടി, വയോജനങ്ങൾക്ക് രണ്ട് കോടി, ഉൽപാദനം എട്ട് കോടി, റോഡ് ആസ്തി സംരക്ഷണം അഞ്ച് കോടി, പട്ടികജാതി ക്ഷേമം 12 കോടി, പട്ടികവർഗം 88 ലക്ഷം, കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻഡ് പ്രകാരം കുടിവെള്ളം, ശുചിത്വം ഒമ്പത് കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്.
കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ഗവാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.വി. അബ്ദുൽ ലത്തീഫ്, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. ജമീല, കെ.വി. റീന, നിഷ പുത്തൻപുരയിൽ, പി. സുരേന്ദ്രൻ, സെക്രട്ടറി ടി.ജി. അജേഷ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാർ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, വർക്കിങ് ഗ്രൂപ് കൺവീനർമാർ എന്നിവരാണ് ജില്ല പഞ്ചായത്ത് ഗ്രാമസഭ അംഗങ്ങൾ. കേരളോത്സവം ഓവറോൾ ചാമ്പ്യന്മാരായ ചേളന്നൂർ ബ്ലോക്കിനും രണ്ടാം സ്ഥാനം നേടിയ കുന്ദമംഗലം ബ്ലോക്കിനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.