കല്ലായി ഗണപത് സ്കൂൾ മൈതാനം
കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ കായിക വിദ്യാലയം കല്ലായി ഗവ. ഗണപത് എച്ച്.എസിൽ സ്ഥാപിക്കാനുള്ള നടപടികൾക്ക് നഗരസഭ അംഗീകാരം നൽകി. കല്ലായിയിലെ സ്പോർട്സ് സ്കൂൾ സംബന്ധിച്ച് സർവേ നടത്തി മാസ്റ്റർ പ്ലാൻ തയാറാക്കാൻ എം പാനൽഡ് ആർക്കിടെക്ടുമാരെ നിയമിക്കാനാണ് തീരുമാനം.
അടുത്ത ദിവസംതന്നെ ഇതിനായി അപേക്ഷ ക്ഷണിക്കുമെന്ന് വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി അധ്യക്ഷ സി. രേഖ പറഞ്ഞു. സംസ്ഥാന കായിക യുവജന വകുപ്പിന്റെ നിർദേശമനുസരിച്ച് നഗരത്തിലെ സ്കൂളുകളിലൊന്ന് കായിക വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കല്ലായ് സ്കൂളിൽ പുതിയ സംവിധാനങ്ങൾ ഒരുങ്ങുക.
സ്പോർട്സ് സ്കൂളിന്റെ എല്ലാ സൗകര്യങ്ങളും ഒരുക്കും. ഇപ്പോഴുള്ള മൈതാനങ്ങളും മറ്റും നവീകരിക്കും. പദ്ധതിക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഹോസ്റ്റൽ കെട്ടിടവും ഒരുക്കും. കായിക പരിശീലനത്തിനുള്ള വിവിധ സംവിധാനങ്ങളും വരും. മൊത്തം നാലേക്കറിൽ വലിയ ഗ്രൗണ്ടും സ്കൂൾ വളപ്പുമെല്ലാമടങ്ങുന്നതാണ് കാമ്പസ്. നേരത്തേ തൊട്ടടുത്തുള്ള 72 സെന്റ് സ്ഥലം സർവകലാശാലയുടെ ബി.എഡ് കോളജിന് കൈമാറി.
ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ തുടങ്ങിയവക്കെല്ലാം ഇപ്പോൾതന്നെ വിശാലമായ സൗകര്യമുണ്ട്. പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന ഗണപതി റാവുവിന്റെ ഓർമക്ക് മകൻ സർവോത്തമ റാവു നാടിനായി നൽകിയ സ്ഥലത്ത് പണിത സ്കൂളിന്റെ മൈതാനത്തിനുള്ള സ്ഥലം വിട്ടുനൽകിയത് വി.കെ. കൃഷ്ണമേനോന്റെ കുടുംബമാണ്.
സ്പോർട്സ് സ്കൂളായാൽ നിലവിലുള്ള വിദ്യാർഥികൾക്കും സൗകര്യങ്ങൾ ഉപയോഗിക്കാനാവും. നേരത്തേ 2009ൽതന്നെ സ്കൂൾ കായിക വിദ്യാലയമാക്കി മാറ്റണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും നടപടികൾ നീണ്ടുപോവുകയായിരുന്നു. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം 100 ശതമാനമാണ്. മികച്ച കെട്ടിട സൗകര്യങ്ങളുമുണ്ട്. പുതിയ സംവിധാനങ്ങൾ വരുന്നതോടെ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.