സെൻട്രൽ മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുപണിയാൻ പോകുന്ന നിലവിലെ കെട്ടിടം
കോഴിക്കോട്: നഗരത്തിലെ പുരാതന മാർക്കറ്റായ സെൻട്രൽ മാർക്കറ്റ് മാളാക്കി നവീകരിക്കുന്നതിന് മുന്നോടിയായി കച്ചവടക്കാരോട് ഈ മാസം 10ന് മുമ്പ് ഒഴിയാൻ നിർദേശം. ബലിപെരുന്നാളിനു പിന്നാലെ കച്ചവടക്കാർ ഒഴിയുന്നതോടെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ. 55.17 കോടി രൂപയുടെ നവീകരണത്തിനാണ് സർക്കാർ അനുമതിയായത്. ഒഴിയേണ്ടിവരുന്ന നിലവിലുള്ള കച്ചവടക്കാർക്ക് മൂന്നിടത്തായാണ് പകരം സംവിധാനമൊരുക്കുന്നത്. ഇതിനായി ഇപ്പോഴത്തെ മാർക്കറ്റ് കെട്ടിടത്തിന്റെ എതിർവശത്തായി 50 സെന്റ് സ്ഥലം കോർപറേഷൻ വാടകക്കെടുത്തിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയാണ് പ്രതിമാസ വാടക. ഇവിടെ താൽക്കാലിക സൗകര്യമൊരുക്കുന്ന പ്രവൃത്തി നടന്നുവരുകയാണ്. നിലവിലുള്ള മാർക്കറ്റിനോട് ചേർന്ന് കോർപറേഷന്റെതന്നെ കൈവശമുള്ള മറ്റ് രണ്ട് സ്ഥലത്തുകൂടി കച്ചവടക്കാർക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതിലൊരു ഭാഗത്ത് 37 താൽക്കാലിക ഷെഡ് നിർമിക്കും. ഷെഡ് കച്ചവടക്കാർതന്നെയാകും നിർമിക്കുക. ഇതിനായി ശരാശരി 90,000 രൂപ കോർപറേഷൻ കച്ചവടക്കാർക്ക് നൽകും. ഇതിനു തൊട്ടടുത്തായി മാർക്കറ്റിന്റെ തെക്കുഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്ന ഒമ്പതു സെന്റ് സ്ഥലവും ഒരുക്കുന്നുണ്ട്. ഉണക്ക മീൻ കച്ചവടക്കാർക്ക് ഈ സ്ഥലമാണ് നൽകുക.
കച്ചവടക്കാർക്ക് താൽക്കാലിക കെട്ടിടം നിർമിക്കാനുദ്ദേശിക്കുന്ന, നിലവിലെ മാർക്കറ്റ് കെട്ടിടത്തിനു സമീപത്തെ സ്ഥലം
കച്ചവടക്കാരുടെ സമ്മതത്തോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും കുറച്ചുപേർ മാത്രമേ തടസ്സങ്ങൾ ഉന്നയിച്ചിട്ടുള്ളൂവെന്നും കോർപറേഷൻ കൗൺസിലറും മാർക്കറ്റുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ കമ്മിറ്റി കൺവീനറുമായ എസ്.കെ. അബൂബക്കർ പറഞ്ഞു. അതേസമയം, ബദൽ സംവിധാനം നിയമാനുസൃതം ഒരുക്കാതെയാണ് ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് കച്ചവടക്കാരിൽ ചിലർ പറഞ്ഞു.
ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നിലയുള്ള കെട്ടിടം രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യലേലത്തിനും ചെറുകച്ചവടത്തിനുമുള്ള ഇടങ്ങളും ശീതീകരിച്ച മാർക്കറ്റും ഡോർമെറ്ററിയും വലിയ ഹാളും പുതിയ കെട്ടിടത്തിലുണ്ടാകും. റിക്രിയേഷൻ ഹാൾ, മീൻ വിഭവങ്ങളുള്ള ഹോട്ടൽ, പാർക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. മീൻ മണമില്ലാത്തവിധം മുഴുവൻ ശീതീകരിച്ച ഹാളിൽ ഇപ്പോൾ കച്ചവടം ചെയ്യുന്നവർക്കെല്ലാം സ്ഥലം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.