കോഴിക്കോട്: ബസുകളിലുൾപ്പെടെ അനുവദനീയമായതിലും കൂടുതൽ പേർ യാത്രചെയ്യുന്ന സാഹചര്യമുണ്ടായാൽ കണ്ടക്ടർ, ഡ്രൈവർ, ഉടമസ്ഥൻ എന്നിവർക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
നിലവിൽ ബസുകളിൽ ഇരുന്ന് സഞ്ചരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. ഓട്ടോകളിലും കാറുകളിലും അനുവദനീയമായത്ര ആളുകൾ മാത്രമേ യാത്ര ചെയ്യാവൂ. അഞ്ച് സീറ്റുള്ള കാറുകളിൽ നാലുപേരും ഏഴ് സീറ്റുള്ള കാറുകളിൽ ആറുപേരും മാത്രമേ യാത്ര ചെയ്യാവൂ.
ഷോപ്പുകളിലും മാളുകളിലും നൂറ് സ്ക്വയർ ഫീറ്റിന് നാലുപേർ എന്ന കണക്കിൽ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ. മറ്റ് കോവിഡ് സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുകയും വേണം. പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. വാടക വാഹനങ്ങളിലെ യാത്രക്കാരുടെ പേരും ഫോൺ നമ്പറും ഡ്രൈവർമാർ സൂക്ഷിക്കുകയും ആവശ്യപ്പെടുേമ്പാൾ ഹാജരാക്കുകയും വേണം. മിഠായിത്തെരുവ്, ബസ്സ്റ്റാൻഡുകൾ, പച്ചക്കറി മാർക്കറ്റ്, ബീച്ച്, മത്സ്യ മാർക്കറ്റ്, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും.
ക്വാറൻറീനിൽ വീടുകളിൽ കഴിയുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഇത്തരക്കാർ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കും. ട്യൂഷൻ സെൻററുകൾ, കോച്ചിങ് സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും ഊർജിതമാക്കും. ഷോപ്പിങ് മാളുകളിൽ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെയും അറുപത് വയസ്സിന് മുകളിലുള്ള കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പൊലീസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.