മെഡിക്കൽ കോളജ് പരിസരത്തെ നിർദിഷ്ട ബസ് സ്റ്റാൻഡ് ടെർമിനലിന്റെ രൂപരേഖ
കോഴിക്കോട്: തറക്കല്ലിട്ട് 15 വർഷം പിന്നിട്ടിട്ടും യാഥാർഥ്യമാവാതെ കോഴിക്കോട് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ്. ഉടൻ ബസ് സ്റ്റാൻഡ് വരുമെന്ന് പറഞ്ഞ് ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം രണ്ടു വർഷങ്ങൾക്കു മുമ്പ് പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ ബസ് സ്റ്റാൻഡും ബസ് സ്റ്റോപ്പും ഇല്ലാതെ യാത്രക്കാർ ദുരിതത്തിലായി. രോഗികളടക്കം മാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർ പൊരിവെയിലിൽ ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ്. മെഡിക്കൽ കോളേജ് പരിസരത്ത് ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന നിരന്തര ആവശ്യത്തെതുടർന്ന് 2009ലാണ് തറക്കല്ലിട്ടത്. എന്നാൽ പിന്നീട് ഭൂമി സംബന്ധമായ നിയമവ്യവഹാരങ്ങളെത്തുടർന്ന് നിർമാണം മുടങ്ങി.
നിയമവ്യവഹാരം അവസാനിച്ച് കോർപറേഷൻ 2022-23 വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടും നിർമാണം തുടങ്ങിയിട്ടില്ല. മെഡിക്കൽ കോളജിൽ എത്തുന്നവരും വിദ്യാർഥികളുമടക്കം നൂറുകണക്കിനാളുകളാണ് ഇവിടെ ദിവസവും ബസ് കയറാനെത്തുന്നത്. കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാൽ അപകടങ്ങളും പതിവാണ്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി ജനകീയ സദസ്സ് സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് ബസ് കാത്തിരിപ്പുകേന്ദ്രമില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് കോർപറേഷൻ സെക്രട്ടറിക്ക് നോട്ടീസയച്ചിരുന്നു.
കോഴിക്കോട്: മെഡിക്കൽ കോളജ് ബസ് ടെർമിനഎന്നുവരുംൽ കെട്ടിടനിർമാണ അനുമതിക്കായി സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും കോർപറേഷൻ സെക്രട്ടറി ബിനി. ടെർമിനൽ പ്ലാനിൽ വ്യക്തത വരുത്താനുള്ള വിവിധ വിഭാഗങ്ങളുടെ യോഗം ഉടൻ ചേരും.
ടെർമിനലിലേക്കുള്ള ബസുകളുടെയും പാർക്കിങ് സ്ഥലങ്ങളിലേക്കുമുള്ള കാർ ബൈക്ക് തുടങ്ങിയ വാഹനങ്ങളുടെ പ്രവേശനവും പുറത്തേക്ക് പോകലും, എസ്കലേറ്റർ സൗകര്യത്തോടെ നിർമിക്കുന്ന തുരങ്കപാത തുടങ്ങിയ വിവിധ കാര്യങ്ങളിൽ പ്ലാനിൽ വ്യക്തത വരുത്താനാണ് യോഗം ചേരുന്നത്.
രണ്ടര ഏക്കർ സ്ഥലത്ത് 200 കോടി ചെലവിലാണ് പി.പി.പി വ്യവസ്ഥയിൽ അഞ്ചു നില ടെർമിനൽ നിർമിക്കുന്നത്. ബസ് ടെർമിനലിന്റെ രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.