പ്രവൃത്തി പുരോഗമിക്കുന്ന ബൈപാസ്
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരിപ്പാതയായി നവീകരിക്കൽ പാതിയോളം പൂർത്തിയായി. ജൂൺ 30 വരെ 43 ശതമാനം നിർമാണം പൂർത്തിയായെന്ന് കഴിഞ്ഞ ദിവസം ലോക്സഭയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എം.കെ. രാഘവൻ എം.പിയെ അറിയിച്ചു.
കോഴിക്കോട് ദേശീയപാത ബൈപാസിലെ നിർമാണം പൂർത്തിയായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗം 2016 ജനുവരി 22ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തതോടെയാണ് ബൈപാസിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെ പൂർണാർഥത്തിൽ ഗതാഗതം തുടങ്ങിയത്. ഈ പാതയാണിപ്പോൾ ആറുവരിയിൽ വലുതാക്കുന്നത്.
കാര്യമായ ഗതാഗതക്കുരുക്കില്ലാതെ ദേശീയപാത നവീകരണം ഈ ഭാഗത്ത് മറ്റു മേഖലയിലേക്കാൾ വേഗത്തിലാണെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. രാമനാട്ടുകരക്കും വെങ്ങളത്തിനുമിടയിൽ 28.4 കിലോമീറ്റർ നീളത്തിലാണ് ആറുവരിപ്പാതയാക്കൽ പുരോഗമിക്കുന്നത്. 1853.42 കോടി ചെലവിൽ 2021 നവംബറിൽ തുടങ്ങിയ പണി തീർക്കേണ്ടത് 2024 നവംബറിലാണ്. കോരപ്പുഴ, പുറക്കാട്ടിരി, മാമ്പുഴ, അറപ്പുഴ എന്നിവിടങ്ങളിൽ പുഴക്കു കുറുകെ വലിയ പാലങ്ങളുടെ പണി തുടങ്ങിക്കഴിഞ്ഞു. മേൽപാലങ്ങളിൽ തൊണ്ടയാട്ടെയും രാമനാട്ടുകരയിലെയും ഫ്ലൈ ഓവർ പണി തീരാറായി. ഹൈലൈറ്റ് മാളിനു മുന്നിലാണ് ഏറ്റവും വലിയ മേൽപാലം വരുന്നത്. ഇതിന്റെ എട്ടു സ്പാൻ സ്ലാബുകൾ വാർക്കാനുണ്ട്. അതിനു കിഴക്കുള്ള മേൽപാലത്തിന്റെ നാലു തൂണിന്റെ പണി തീർന്നാൽ കോൺക്രീറ്റ് സ്ലാബ് ഇടാനാവും. ഹൈലൈറ്റ് മാളിനടുത്തെ വലിയ പാറ പൊട്ടിക്കൽ ഡയമണ്ട് റോപ് കൊണ്ടാണ് നടത്തുന്നത്. അഴിഞ്ഞിലം കവലയിലെ രണ്ടു ചെറിയ മേൽപാലം പണിയുന്നതിൽ ഒന്ന് തീർന്നു. രണ്ടാമത്തേതിന്റെ കാലിന്റെ പണി നടക്കുന്നു. പൂളാടിക്കുന്നിനൊപ്പം വെങ്ങളം ജങ്ഷനിലെ മേൽപാലം പണിയും തുടങ്ങിക്കഴിഞ്ഞു.
പന്തീരാങ്കാവ് ജങ്ഷനിൽ മേൽപാലങ്ങളിലൊന്നിന്റെ ഗർഡർ സ്ഥാപിച്ചു. സമാന്തരമായ രണ്ടാമത്തെ പാലത്തിന് തൂണുകളും ഒരുങ്ങി. തൊണ്ടയാടിനും മലാപ്പറമ്പിനുമിടയിൽ ഓട പണിയും തുടങ്ങി. അതിനു ശേഷമാണ് ഈ ഭാഗത്ത് സർവിസ് റോഡുണ്ടാക്കുക. പൂളാടിക്കുന്നിനും മൊകവൂരിനുമിടയിൽ സർവിസ് റോഡ് പണിതീർത്ത് അതുവഴിയാണിപ്പോൾ വണ്ടികൾ ഓടുന്നത്. വേങ്ങേരി, വേദവ്യാസ സ്കൂൾ, മൊകവൂർ, അമ്പലപ്പടി എന്നിവിടങ്ങളിൽ അടിപ്പാത പണി തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുന്നതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.