കോര്‍പറേഷന്‍ ഓഫിസില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ സമരം

കെട്ടിടാനുമതി തട്ടിപ്പ്: വിശദ അന്വേഷണം വേണമെന്ന് ശിപാർശ

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരമേഖല ജോ. ഡയറക്ടർ ഡി. സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തദ്ദേശ വകുപ്പ് ( നഗരകാര്യം) ഡയറക്ടർക്ക് സമർപ്പിച്ചു. കോർപറേഷൻ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ചവന്നതായും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളെപ്പറ്റി വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. പാസ് വേഡ് അടക്കമുള്ള കാര്യങ്ങൾ കൈകാര്യംചെയ്യുന്നതിലും വീഴ്ചയുണ്ടായി. ഡയറക്ടറുടെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ ജീവനക്കാരുടെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു.

കോർപറേഷൻ അന്വേഷണ റിപ്പോർട്ട്  ഇന്ന് നൽകും

കോർപറേഷൻ അഡീഷനൽ സെക്രട്ടറി മനോഹറിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച സെക്രട്ടറിക്ക് സമർപ്പിക്കും. ആദ്യഘട്ടത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് കോർപറേഷൻ അന്വേഷണം പ്രഖ്യാപിച്ചത്. ക്രമക്കേട് കണ്ടെത്തിയശേഷമുള്ള ആദ്യ കോർപറേഷൻ കൗൺസിൽ യോഗവും ചൊവ്വാഴ്ച നടക്കും. ആഭ്യന്തര റിപ്പോർട്ടടക്കമുള്ള കാര്യങ്ങൾ ഉയർത്തി കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ലോഗിൻ കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയതിന് ആദ്യഘട്ടത്തിൽ സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിലും ചൊവ്വാഴ്ച ചർച്ച നടക്കും. നാലു പേരുടെ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല ധർണ നടത്താനാണ് ജീവനക്കാരുടെ തീരുമാനം.

വിജിലൻസ് മിന്നൽപരിശോധന

കെട്ടിടനിർമാണവും നമ്പറുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ അന്വേഷിക്കാനായി വിജിലൻസ് പൊലീസ് കോർപറേഷൻ ഓഫിസിൽ മിന്നൽപരിശോധന നടത്തി. ഓഫിസിൽ ക്രമക്കേടുകൾ നടക്കുന്നതായി നേരത്തേ ചില വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർക്ക് കോഴിക്കോട് യൂനിറ്റ് റിപ്പോർട്ട് നൽകിയിരുന്നു. അതിന്‍റെ ഭാഗമായാണ് പരിശോധനയെന്ന് വിജിലൻസ് ഡിവൈ.എസ്.പി സുനിൽകുമാർ അറിയിച്ചു. സി.ഐ ആർ. ഉല്ലാസ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

നടപടിക്ക് സാധ്യത

അനധികൃത കെട്ടിടങ്ങൾക്ക് പാസ് വേഡ് ദുരുപയോഗം ചെയ്ത് നമ്പർ നൽകിയ കേസിൽ അഴിമതിവിരുദ്ധ നിയമംകൂടി ചുമത്താമെന്നതിനാൽ വിജിലൻസ് ഇടപെടലിന് സാധ്യതയേറെ. കൃത്രിമ രേഖയുണ്ടാക്കൽ, വഞ്ചന തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ തെളിഞ്ഞതെന്നും അഴിമതി നിരോധന പരിധിയിലുള്ള കുറ്റങ്ങൾ തെളിയുന്ന മുറക്ക് കേസിൽ മാറ്റമുണ്ടാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായും ഓഫിസ് ദുരുപയോഗം ചെയ്തതായുമുള്ള ആരോപണങ്ങളുള്ളതിനാൽ കേസ് വിജിലൻസ് വിഭാഗത്തിന് കൈമാറാവുന്നതാണ്. പൊലീസ് തന്നെ അന്വേഷിച്ച് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകുകയുമാവാം. ഇപ്പോൾ ശിക്ഷാനിയമവും ഐ.ടി ആക്ടും അനുസരിച്ചുള്ള കുറ്റമാണ് ചുമത്തിയത്. സർക്കാർ പദവിയും ഓഫിസും ദുരുപയോഗം ചെയ്ത് ജീവനക്കാർ നേട്ടമുണ്ടാക്കിയെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായാൽ എല്ലാ പ്രതികൾക്കുമെതിരെ അഴിമതി നിരോധന നിയമ വകുപ്പുകൾ ചുമത്തേണ്ടിവരും. അതോടെ കേസ് വിജിലൻസ് പ്രത്യേക കോടതിയുടെ പരിഗണനയിലേക്ക് മാറും. പ്രതികളുടെ ജാമ്യാപേക്ഷയടക്കമുള്ള പ്രാഥമിക നടപടികൾക്കുശേഷം ഇപ്പോൾ കേസന്വേഷിക്കുന്ന സംഘത്തിന് തുടരന്വേഷണത്തിന് വിജിലൻസിനെ സമീപിക്കാം. വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോയും പ്രത്യേക കോടതിയുമാവും പിന്നെ കേസ് കൈകാര്യം ചെയ്യുക.

പൊതുപ്രവർത്തകർ സാമ്പത്തികലാഭത്തിനുവേണ്ടി കുറ്റംചെയ്ത സംഭവമാണ് കോർപറേഷനിലേത്. അഴിമതി കേസ് വിജിലൻസ് തന്നെ എടുക്കണമെന്ന് നിർബന്ധമില്ലെങ്കിലും സി.ഐയോ അതിന് മുകളിലോ ഉള്ളയാൾ അന്വേഷിച്ചിരിക്കണമെന്നാണ് ചട്ടം. സാധാരണ പൊലീസ് അന്വേഷിച്ച് കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിച്ചാൽ മതിയാവും.

അന്വേഷണത്തിനിടയിൽ പൊലീസിന് കേസ് വിജിലൻസിന് എപ്പോൾ വേണമെങ്കിലും കൈമാറാനുമാവും. ഇതിനായി ഐ.ജിയെ അറിയിച്ചു കഴിഞ്ഞാൽ വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് യൂനിറ്റിന് തുടരന്വേഷണം നടത്തി വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകാനാവും.

യു.ഡി.എഫ് കൗൺസിലർമാർ മേയറെ ഉപരോധിച്ചു

കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിവാദത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച കോർപറേഷൻ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത് വിജിലൻസ് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ മേയറെ ഉപരോധിച്ചു.

പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, ഉപനേതാവ് കെ. മൊയ്തീൻകോയ, പി. ഉഷാദേവി ടീച്ചർ, എം.സി. സുധാമണി, കെ. നിർമല, എസ്.കെ. അബൂബക്കർ, മനോഹരൻ മങ്ങാറിൽ, ഓമന മധു, അജീബ ഷെമീൽ, സോഫിയ അനീഷ്, കെ. റംലത്ത്, സാഹിദ സുലൈമാൻ, ആയിഷബി പാണ്ടികശാല എന്നിവർ നേതൃത്വം നൽകി. ഇതുസംബന്ധിച്ച് മേയർക്ക് കത്ത് നൽകിയ ശേഷമായിരുന്നു ഉപരോധം.

സംഘടന നടപടിയും വരും: ജാമ്യാപേക്ഷ ഇന്ന്

ക്രമക്കേട് കേസിൽ റിമാൻഡിലായ ജീവനക്കാരനെതിരെ സംഘടനാതല നടപടിയും വന്നേക്കും. പ്രതികളിലൊരാളാണ് ഇടത് അനുകൂല യൂനിയന്റെ പ്രവർത്തകൻ. എന്നാൽ, ആദ്യ ഘട്ടത്തിൽ സസ്പെൻഡ് ചെയ്ത നാലു ജീവനക്കാർക്കെതിരായ നടപടി മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി. സെക്രട്ടറി വിശദീകരണം ആരായാതെയാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാരുടെ ഉച്ചക്കുള്ള പ്രതിഷേധം തിങ്കളാഴ്ചയും തുടർന്നു. കേസിലെ മുഖ്യപ്രതികൾ അഡ്വ. എം. അശോകൻ മുഖേന നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.

Tags:    
News Summary - Building Permit Fraud: Recommendation for detailed investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.