കൈക്കൂലി: എസ്.ഐയുടെ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി
കോഴിക്കോട്: വഞ്ചനക്കേസ് പ്രതിയിൽനിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കേസിൽ എസ്.ഐയെ പൊലീസ് വീണ്ടും കോടതിയിൽ ഹാജരാക്കി. മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി സുഹൈലിനെയാണ് (36) വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്.
റിമാൻഡ് കാലാവധിയായ 14 ദിവസം കഴിയുവോളം ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എസ്.ഐയടക്കം കേസിൽ റിമാൻഡിലായ രണ്ട് പ്രതികളുടെയും ജാമ്യാപേക്ഷയിൽ വിജിലൻസ് പ്രത്യേക ജഡ്ജി ടി. മധുസൂദനൻ വാദം കേട്ടു.
ജാമ്യാപേക്ഷയിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വെച്ചുള്ള റിപ്പോർട്ട് നൽകാനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ തിങ്കളാഴ്ച രാവിലെ 11 വരെയായിരുന്നു എസ്.ഐയെ കസ്റ്റഡിയിൽ വിട്ടത്. എസ്.ഐക്കൊപ്പം അറസ്റ്റിലായ ഇടനിലക്കാരൻ, മൂന്നാംപ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനെയും എസ്.ഐയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവില്ലെന്ന് പ്രതിഭാഗം അഭിഭാഷകരായ വി.പി.എ. റഹ്മാൻ, രാജു അഗസ്റ്റ്യൻ എന്നിവർ വാദിച്ചു.
വിജിലൻസിൽ പരാതി നൽകിയയാളെ എസ്.ഐ ബംഗളുരുവിലെത്തി പിടികൂടിയ വിരോധമാണ് കേസുണ്ടാക്കാൻ കാരണം. ആപ്പിൾ ഫോൺ കൈക്കൂലി വാങ്ങിയെന്ന കേസുണ്ടെങ്കിലും ഫോൺ ഇതുവരെ കണ്ടെത്താത്ത കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്നാൽ, കൂടുതൽ അന്വേഷണം വേണ്ടതിനാൽ ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന് പ്രോസിക്യൂട്ടർ വി.കെ. ഷൈലജൻ വാദിച്ചു. കേസിൽ വിജിലൻസിന്റെ പുതിയ റിപ്പോർട്ടാണ് ചൊവ്വാഴ്ച കോടതിക്ക് നൽകുക.
2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിലെ പ്രതിയായ പരാതിക്കാരന് 2019ൽ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കോവിഡ് കാരണം ജാമ്യവ്യവസ്ഥ ലഘൂകരിക്കാൻ പരാതിക്കാരൻ ഹൈകോടതിയിൽ അപേക്ഷ നൽകി. ഇതിനിടെ മറ്റൊരു കേസന്വേഷണത്തിന് ബംഗളൂരുവിൽ പോയ എസ്.ഐ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
എന്നാൽ, പരാതിക്കാരനെതിരെ വേറെയും വാറന്റുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും കൈക്കൂലിയായി ഐഫോൺ-14 നൽകണമെന്നും ആവശ്യപ്പെട്ടുവെന്നാണ് കേസ്.
കൈക്കൂലിയായി മൂന്നര ലക്ഷം രൂപയിലെ ആദ്യ ഗഡുവായ അരലക്ഷം സുഹൈൽ പറഞ്ഞത് പ്രകാരം ഏജന്റ് ബഷീറിന്റെ പക്കൽ ഏൽപിക്കുന്നതിനിടെ ബഷീറിനെയും തുടർന്ന് സുഹൈലിനെയും അറസ്റ്റ് ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.