കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ. അരക്കിണർ സ്വദേശി എൻ.എം ഹൗസിൽ എം. സഹീർ മുഹമദിനെ (42) യാണ് കക്കോടി ചീരോട്ടിൽത്താഴത്തെ വാടക വീട്ടിൽ നിന്ന് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
പൊലീസ് പരിശോധനയിൽ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നും കക്കൂസ് ടാങ്കിൽ നിന്നുമാണ് 12 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തത്. പരിശോധനക്ക് എത്തിയപ്പോൾ പ്രതി കൈയിലുള്ള എം.ഡി.എം.എ പാക്കറ്റും ഇത് അളക്കാൻ ഉപയോഗിക്കുന്ന ത്രാസും എടുത്ത് ക്ലോസെറ്റിലിട്ട് ഫ്ലഷ് അടിച്ച് ഒഴിവാക്കുകയായിരുന്നു. പൊലീസ് കക്കൂസ് ടാങ്കിന്റെ സ്ലാബ് നീക്കി പരിശോധന നടത്തിയാണ് പാക്കറ്റിലുള്ള എം.ഡി.എം.എയും ത്രാസും കണ്ടെടുത്തത്. കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളിലായി വാടക വീട് എടുത്താണ് ഇയാൾ ലഹരി വിൽപന നടത്തുന്നത്. മുമ്പ് ബംഗളൂരുവിൽ നിന്ന് കാറിൽ ലഹരി മരുന്നുമായി വരുമ്പോൾ വെസ്റ്റ്ഹിൽ ഭാഗത്തുവെച്ച് ഡാൻസാഫ് ടീമിന്റെ വാഹനത്തെ തട്ടിച്ച് പോയതാണ്. അതിൽപിന്നെ സഹീർ, ഡാൻസാഫ് നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.