സാലുദ്ദീൻ
വെള്ളിമാട്കുന്ന്: ഉദയം വയോജന കേന്ദ്രത്തിലെ അന്തേവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾക്ക് തലക്ക് വെട്ടേറ്റ് പരിക്ക്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഉദയം വയോജന കേന്ദ്രത്തിലെ അന്തേവാസികളായ സാലുദ്ദീനും (60), ബാബു തോമസും (60) തമ്മിലുണ്ടായ വാക്കുതർക്കമാണ് വെട്ടിപ്പരിക്കേൽപ്പിക്കലിൽ കലാശിച്ചത്.
സാലുദ്ദീൻ കൊടുവാൾ കൊണ്ട് ബാബു തോമസിന്റെ തലക്കും ശരീരത്തിലും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു തോമസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. വയോജന കേന്ദ്രത്തിൽ നിന്ന് ഇരുവരും സംസാരിച്ച് ചേവായൂർ ഭാഗത്തേക്ക് പോയതായിരുന്നു.
ആശുപത്രി ഗേറ്റിന് സമീപത്തെ റോഡിലെത്തിയതോടെ തർക്കം മൂർച്ഛിച്ച് സാലുദ്ദീൻ കൈയിൽ കരുതിയ കൊടുവാൾ കൊണ്ട് ബാബു തോമസിനെ വെട്ടുകയായിരുന്നു. തലക്ക് ആഴത്തിലുള്ള മുറിവുപറ്റിയ ബാബു തോമസിനെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കൂലിപ്പണി ചെയ്യുന്ന ആളാണ് സാലുദ്ദീൻ.
മെഡിക്കൽ കോളജിനു സമീപം ലോട്ടറി വിൽപന നടത്തുകയാണ് ബാബു തോമസ്. സാലുദ്ദീനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. കോവിഡ് കാലത്താണ് ഇരുവരും അന്തേവാസികളായി ഉദയത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.