അംഗൻവാടിക്കായി വാങ്ങിയ സ്ഥലം. ഇൻസെറ്റിൽ അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്

കടലുണ്ടി: സംസ്ഥാനത്ത് മുഴുവൻ വാർഡുകളിലും ഒരു അംഗൻവാടിയെങ്കിലുമുണ്ടാകും. അപ്പോൾ ഒരു വാർഡംഗത്തെ സംബന്ധിച്ചിടത്തോളം അതിനെ പരിപാലിച്ചു കഴിഞ്ഞുകൂടിയാൽ മതി. പക്ഷേ, കടലുണ്ടി ഗ്രാമപഞ്ചായത്ത് 18ാം വാർഡ് അംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദിന് ത​െൻറ വാർഡിലെ അംഗൻവാടി മറ്റെവിടെയുമുള്ളതുപോലെയൊന്നാകരുതെന്നത് കലശലായ ആഗ്രഹം. അതി​െൻറ നിർമാണത്തിന് കിട്ടിയ ഫണ്ട് നഷ്​ടപ്പെടാതിരിക്കാൻ കോടതിയെ സമീപിച്ചിരിക്കയാണ്​ ഇദ്ദേഹം.

ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ കേരളത്തിലെ മികച്ച അംഗൻവാടി ത​െൻറ വാർഡിലാകണമെന്ന സ്വപ്നവുമായി മുന്നേറി. കുഞ്ഞു മുറിയിൽ ശ്വാസം മുട്ടി കഴിയുന്ന പൈതങ്ങൾ ഹൈടെക് മുറിയിൽ കളിച്ചു വളരണമെന്ന ആശയെ ചുവപ്പ് നാടയിൽ കുരുക്കിയിടാനായിരുന്നു ചില ഉദ്യോഗസ്ഥർക്ക് താൽപര്യം.

പല വാതിലുകളിലും മുട്ടി കുഴങ്ങിയതിനൊടുവിലാണ് ത​െൻറ സങ്കൽപത്തിലുള്ള കെട്ടിടനിർമാണത്തിന് മുൻ മുഖ്യമന്ത്രി കൂടിയായ എ.കെ. ആൻറണിയുടെ എം.പി ഫണ്ടിൽനിന്ന് 16 ലക്ഷം ലഭ്യമാക്കാനായത്. കടമ്പകൾ കഴിഞ്ഞു എന്ന ആഹ്ലാദം പക്ഷേ അൽപായുസ്സായിരുന്നു. കെട്ടിട നിർമാണത്തിന് ഫണ്ട് കണ്ടെത്തിയതോടെ നാട്ടുകാർ മൂന്ന് സെ​ൻറ്​ ഭൂമിയുണ്ടാക്കിക്കൊടുത്തു. 70 മീറ്റർ നീളത്തിൽ അതിലേക്ക് റോഡ് നിർമിച്ചു. അതിനോട് ചേർന്ന് കുട്ടികൾക്കായുള്ള കളിസ്ഥലവും കഴിഞ്ഞയാഴ്ച പൂർത്തിയാക്കി. പക്ഷേ കെട്ടിടം പണി മാത്രം എങ്ങുമെത്തിയില്ല.

ജില്ല പ്ലാനിങ് ഓഫിസും പൊതുമരാമത്ത് കെട്ടിട വിഭാഗവുമൊന്നും കാര്യങ്ങൾ അങ്ങനെ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. നിരവധി തവണ വാർഡ് പ്രതിനിധിക്ക് ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നു. സഹികെട്ട് ത‍​െൻറ വിഷമം കഴിഞ്ഞ പുതുവർഷത്തിൽ കലക്ടർക്ക് മുമ്പാകെ അവതരിപ്പിച്ചു. പരാതിയിൽ നടപടിയെടുക്കാൻ ജില്ല പ്ലാനിങ് ഓഫിസർക്ക് കലക്ടർ നിർദേശം നൽകിയിട്ടുപോലും ഫലം കാണാതെ വിവരാവകാശ നിയമപ്രകാരം സ്ഥിതിവിവരം ആവശ്യപ്പെട്ടു.

ഏറെ നാളത്തെ ഓട്ടത്തിന് ശേഷം ഭരണാനുമതിയും സാങ്കേതികാനുമതിയും കടന്ന് ടെൻഡറിന് സമയമായപ്പോൾ കരാറുകാരുടെ സമരം. ടെൻഡറെടുക്കാൻ ആളില്ലാതെ വന്നപ്പോൾ നാട്ടിലെ പൊതുപ്രവർത്തകൻ തയാറായി.കരാർ ഒപ്പിടാൻ ആയപ്പോൾ കൊറോണയും ലോക് ഡൗണുമെത്തി. അതി​െൻറ മറവിൽ കേന്ദ്ര സർക്കാർ എം.പിമാരുടെ വികസന ഫണ്ടുകൾ പിൻവലിച്ചു.

കെട്ടിടമാകുമ്പോഴേക്ക് എയർ കണ്ടീഷനറും എൽ.ഇ.ഡി ടെലിവിഷനുമൊക്കെ സംഘടിപ്പിച്ച് കാത്തിരുന്ന വാർഡംഗത്തിന് താങ്ങാവുന്നതിലും കടുത്ത വേദനയായിരുന്നു കേന്ദ്ര തീരുമാനം. ഒടുവിൽ കേന്ദ്ര തീരുമാനത്തിനെതിരെ കേരള ഹൈകോടതിയെ സമീപിച്ചു. ആലപ്പുഴ എം.പിയായ എ.എം. ആരിഫും ഇതേയാവശ്യവുമായി കോടതിയെ സമീപിച്ചു. ഒരാൾ സി.പി.എം കാരനും മറ്റേയാൾ കോൺഗ്രസുകാരനുമാണെങ്കിലും ഇരുവരുടെയും അഭിഭാഷക രശ്മിത രാമചന്ദ്രനാണ്. ഇവരുടെ വാദത്തിൽ കേന്ദ്രസർക്കാറി​െൻറ നിലപാടറിയിക്കാൻ ഹൈകോടതി കഴിഞ്ഞദിവസം നോട്ടിസ് നൽകിയിരിക്കയാണ്.

ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് എന്തായിരുന്നാലും ത​െൻറ വാർഡിലെ അംഗൻവാടി നിർമാണത്തിന് പണമനുവദിച്ച ഉത്തരവ് പ്രകാരം ഏറെ മുന്നോട്ട് പോയതിനാൽ ഫണ്ട് പിൻവലിക്കാനാകില്ലെന്നാണ് അഭിഭാഷകൻ കൂടിയായ വാർഡംഗത്തി​െൻറ പ്രതീക്ഷ. ഈ വിഷയവുമായി ഒരുപക്ഷേ ഹൈകോടതിയെ സമീപിച്ച രാജ്യത്തെ ഏക വാർഡംഗം കൂടിയാകാം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്.

Tags:    
News Summary - Anganwadi, ward member, new building,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.