ബൈപ്പാസിൽ അമ്പലപ്പടി ജങ്ഷനിൽ സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നവർ
കോഴിക്കോട്: ദേശീയപാത ബൈപാസിലെ അമ്പലപ്പടി ജങ്ഷൻ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. വേങ്ങേരി-പൂളാടിക്കുന്ന് ജങ്ഷനുകൾക്കിടയിലുള്ള അമ്പലപ്പടിയിൽ തിങ്കളാഴ്ച അപകടത്തിൽ ഒരാൾക്കുകൂടി ജീവൻ നഷ്ടപ്പെട്ടു. ബൈക്കിൽ ബൈപാസ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ കാറിടിച്ച് ചെറുകുളം പുളിയനാറമ്പത്ത് റഹ്നാസ് മുഹമ്മദ് മരിച്ചതോടെ ഈ പ്രദേശത്തുനിന്ന് മാത്രം അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം അഞ്ചായി.
കുറ്റ്യാടി-കോഴിക്കോട്, ബാലുശ്ശേരി -കോഴിക്കോട് സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന ചെറുകുളം-എരഞ്ഞിക്കൽ റോഡിലാണ് അമ്പലപ്പടി ജങ്ഷൻ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വെങ്ങളം-രാമനാട്ടുകര ബൈപാസ് ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പാതയിൽ അടിപ്പാത പണിയാൻ തീരുമാനമുണ്ടെങ്കിലും അതിനിടയിൽ എത്രപേർക്ക് ജീവൻ നഷ്ടപ്പെടുമെന്ന ആധിയിലാണ് നാട്ടുകാർ. അടിപ്പാത നിർമിക്കുന്നതുവരെയെങ്കിലും ബൈപാസിൽ വരമ്പുകൾ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. പാത വികസനത്തിനായി റോഡരികുകളിൽ പണി നടക്കുന്നതും അപകടാവസ്ഥ കൂട്ടുന്നു.
തിങ്കളാഴ്ച അപകടത്തിൽപെട്ട ബൈക്ക് പ്രവൃത്തി നടക്കുന്ന താഴ്ചയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ദിവസവും അപകടം നടക്കുന്ന ഇവിടെനിന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ നിരവധിയാണ്. ചെറുകുളം-എരഞ്ഞിക്കൽ റോഡിൽ ബൈപാസ് മുറിച്ചുകടക്കുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപെടുന്നവരിൽ അധികവും. കാൽനടക്കാരും മറ്റ് വാഹനങ്ങളിൽ പോവുന്നവരും അപകടത്തിൽപെടുന്നതും പതിവാണ്.
നിരന്തരം അപകടമുണ്ടായതിനെ തുടർന്ന് ബൈപാസിലും മറ്റ് നാലിടത്തും വരമ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഏറ്റവുമൊടുവിൽ ടാറിട്ടപ്പോൾ ബൈപാസിലെ വരമ്പുകൾ എടുത്തുമാറ്റിയതാണ് അപകടം വർധിക്കാൻ മുഖ്യകാരണം. വരമ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും അധികൃതരെ സമീപിച്ചെങ്കിലും ദേശീയപാതയിൽ വരമ്പുകൾ പാടില്ലെന്നാണ് ചട്ടമെന്ന് മറുപടി ലഭിച്ചു.
ബൈപാസിൽ രണ്ടിടത്ത് റോഡിൽ കുറുകെ വെള്ള വരയിട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കുതിച്ചുവരുന്ന വാഹനങ്ങൾ പലപ്പോഴും ഇത് ഗൗനിക്കാറില്ല. എം.എൽ.എ ഫണ്ടുപയോഗിച്ച് ജങ്ഷനിൽ സ്ഥാപിച്ച സൗരോർജ മുന്നറിയിപ്പ് വിളക്കുകളും പ്രവർത്തനരഹിതമായി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരെ സഹായിക്കാൻ പകൽ പൊലീസുകാരെ നിർത്തുന്നുവെങ്കിലും രാത്രി ജങ്ഷനിൽ നിയന്ത്രണമില്ലാതെ വാഹനങ്ങൾ ഓടുകയാണ്. പൂളാടിക്കുന്ന് ജങ്ഷനിൽ സിഗ്നൽ കടന്ന് കുതിച്ചെത്തുന്ന വാഹനങ്ങൾക്കിടയിൽ റോഡ് മുറിച്ചുകടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്നു.
കോഴിക്കോട്: അമ്പലപ്പടി ജങ്ഷനിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് അടിയന്തര നടപടിയാവശ്യപ്പെട്ട് വീണ്ടും ദേശീയപാത അതോറിറ്റി അധികൃതരെ കണ്ടതായി കൗൺസിലർ എസ്.എം. തുഷാര അറിയിച്ചു. അടിക്കടിയുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. നേരത്തേ പല തവണ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. മന്ത്രിതലത്തിലും ജില്ല കലകട്റുടെ അടുത്തും പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. അടിപ്പാത നിർമിക്കും വരെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബൈപാസിൽ വരമ്പുകൾ വേണമെന്ന ആവശ്യം ശക്തമാണെന്നും കൗൺസിലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.