കോഴിക്കോട്: നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ് -എ.ഐ) സാങ്കേതികവിദ്യ സഹായത്തോടെ വ്യാജ വിഡിയോ കാൾ ചെയ്ത് പണം തട്ടിയ കേസിൽ അന്വേഷണസംഘം ഗോവയിലേക്ക്. കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രകാശന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് തിങ്കളാഴ്ച ഗോവക്ക് പോകുന്നത്. കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്ന് തട്ടിയ 40,000 രൂപ ആദ്യമെത്തിയത് ഗുജറാത്തിലെ ഒരു ബാങ്ക് അക്കൗണ്ടിലായിരുന്നു.
തുടർന്ന് ആ അക്കൗണ്ടിൽ നിന്ന് നാലുതവണയായി തുക മഹാരാഷ്ട്ര ആസ്ഥാനമായ രത്നാകർ ബാങ്കിന്റെ ഗോവയിലുള്ള ശാഖയിലെ അക്കൗണ്ടിലേക്കായിരുന്നു. ഈ അക്കൗണ്ട് കമ്പ്യൂട്ടർ സാമഗ്രികൾ വിൽപന നടത്തുന്ന ജി.പി അസോസിയേറ്റ്സ് എന്ന വൻ സ്ഥാപനത്തിന്റേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണിതെന്ന് കണ്ടെത്തിയതിനുപിറകെ ഇവരുമായും ബാങ്ക് ശാഖയുമായും അന്വേഷണസംഘം നേരത്തേ ബന്ധപ്പെട്ടിരുന്നു. സ്വകാര്യ സ്ഥാപനത്തെ മറയാക്കി ചില സംഘം നടത്തിയ തട്ടിപ്പാണോ ഇതെന്ന സംശയവും ഇതിനകം ഉയർന്നിട്ടുണ്ട്. കേസിന്റെ പ്രാഥമികാന്വേഷണത്തിൽ തന്നെ തട്ടിപ്പിന് വലിയ ആസൂത്രണമാണ് നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു വ്യക്തമാക്കിയിരുന്നു. പണം തിരികെ കിട്ടാനാവശ്യമായ എഫ്.ഐ.ആർ വിവരങ്ങളടക്കം പൊലീസ് ബാങ്കിന് കൈമാറിയിട്ടുണ്ട്. നടപടികൾ പൂർത്തിയാവുന്ന മുറക്ക് പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ രാധാകൃഷ്ണന് വിഡിയോ കാൾ വന്ന ലൊക്കേഷൻ അറിയാൻ വാട്സ്ആപ്പിന്റെ മുംബൈയിലെ നോഡൽ ഓഫിസറെയും അന്വേഷണസംഘം ബന്ധപ്പെട്ടു.
മുമ്പ് ഒപ്പം ജോലി ചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് പരിചയപ്പെടുത്തി വിഡിയോ കാളിൽ വന്ന് ഭാര്യ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ളയാള്‍ക്ക് അയക്കാൻ 40,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. താന്‍ ദുബൈ വിമാനത്താവളത്തിലാണെന്നും മുംബൈയിലെത്തിയാലുടന്‍ പണം തിരികെ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. 40,000 രൂപ നൽകിയതിനു പിറകെ 30,000 രൂപ കൂടി അയക്കാൻ ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് സംശയം തോന്നിയതും തട്ടിപ്പ് മനസ്സിലായതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.