എ.ഐ, സമൂഹ മാധ്യമ പ്രചാരണങ്ങളില്‍ മാര്‍ഗനിര്‍ദേശം പാലിക്കണം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സമൂഹ മാധ്യമ പ്രചാരണങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

പ്രചാരണത്തിന് ഉപയോഗിക്കുന്ന എ.ഐ, അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും Al Generated/ Digitally Enhanced/ Synthetic Content എന്നീ ലേബലുകള്‍ വ്യക്തമായി ഉള്‍ക്കൊള്ളിക്കണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതിനാല്‍ ഐ.ടി ആക്ട് 2000, ഐ.ടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം.

മറ്റു പൊതുതെരഞ്ഞെടുപ്പുകളില്‍ ബാധകമായിട്ടുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എം.എ.ഐ) മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാണ്.

സമൂഹ മാധ്യമങ്ങളിലെ പ്രചാരണ പരിപാടികള്‍ സൈബര്‍ പൊലീസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. വ്യാജ കണ്ടന്റുകള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ പൊലീസ് നിയമനടപടി സ്വീകരിക്കും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളെല്ലാം കമീഷന്‍ സംസ്ഥാനതലത്തിലും ജില്ലതലത്തിലും നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

എ.ഐ ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും തയാറാക്കിയ തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കുകയും കമീഷനോ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ dio.prd@gmail.com ഇ-മെയില്‍ വഴിയും 0495 2370225 നമ്പറിലൂടെയും അറിയിക്കാം.

Tags:    
News Summary - AI and social media campaigns should follow election guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.