കോഴിക്കോട്: നഗരത്തിൽ ഗ്യാസ് പൈപ്പ് ലൈൻ നിർമാണം 56 കിലോമീറ്റർ പൂർത്തിയായി. ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിൽ നിന്നാരംഭിച്ചു താമരശ്ശേരി കൊടുവള്ളി വഴി കുന്ദമംഗലംവരെ എത്തിനിൽക്കുന്ന സ്റ്റീൽ മെയിൻ പൈപ്പ് ലൈൻ കുന്ദമംഗലത്തുനിന്ന് കോഴിക്കോട് സിറ്റിയിൽ എത്തിക്കാനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
നിലവിൽ നല്ലളം, വട്ടക്കിണർ, ബേപ്പൂർ, ചക്കുംകടവ്, മാനാഞ്ചിറ, മാവൂർ റോഡ് ജങ്ഷൻ, വെസ്റ്റ് ഹിൽ, പുതിയങ്ങാടി, പാവങ്ങാട്, ബിലാത്തിക്കുളം, അരയിടത്തുപാലം, കോവൂർ, വാപോളിതാഴം ഏരിയകളിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി 56 കിലോമീറ്റർ ദൂരത്തിൽ പൂർത്തീകരിച്ചതായാണ് കണക്ക്.
കുന്ദമംഗലത്തുനിന്ന് ആരംഭിച്ച പ്രവൃത്തി വരട്ടിയാക്കൽ, മിൽമ, സി.ഡബ്ല്യു.ആർ.ഡി.എം, മുണ്ടിക്കൽതാഴം വഴി കോവൂർ ജങ്ഷനിലെ പൈപ്പ് ലൈനുമായി കണക്ട് ആകുന്നതോടെ കോഴിക്കോട് സിറ്റിയിലേക്കുള്ള വാതക വിതരണം ആരംഭിക്കും . ഇതോടൊപ്പം കോതി ബ്രിഡജ് വഴി കോഴിക്കോട് ബീച്ച് മാങ്കാവ്, സരോവരം, കുറ്റിക്കാട്ടൂർ മേഖലയിലേക്കും സ്റ്റീൽ മെയിൻ പൈപ്പ്ലൈൻ എത്തിക്കാൻ നടപടിയെടുത്തെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയ ഉണ്ണികുളം പഞ്ചായത്തിൽ നിലവിൽ അറുന്നൂറോളം വീടുകളിൽ പാചകവാതകം ലഭ്യമാക്കി. ഉണ്ണികുളത്തിന് പുറമെ കാക്കൂർ, നരിക്കുനി, നന്മണ്ട, കിഴക്കോത്, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിൽ വാതക വിതരണത്തിനുള്ള എം.ഡി.പി.ഇ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
ഈ പഞ്ചായത്തുകളിൽ നിലവിൽ 206 കിലോമീറ്റർ പോളി ഇഥിലീൻ പൈപ്പു ലൈനുകൾ സ്ഥാപിച്ച് ബാക്കി പ്രവൃത്തി പുരോഗമിക്കുന്നു. മാർച്ച് അവസാനത്തോടെ ഈ പഞ്ചായത്തുകളിൽ 1000 വീടുകൾകൂടി കണക്ട് ചെയ്യുന്നതോടെ ജില്ലയിൽ 1600 വീടുകൾ പൂർണമായി ഗ്യാസ് സിലിണ്ടറുകൾ ഉപേക്ഷിച്ചു പൈപ്പ് ലൈൻ വഴിയുള്ള പാചകവാതകത്തിലേക്കു മാറും.
ചേവായൂർ പാർക്ക്, കല്യാൺ കോർട്ട് യാർഡിന് എതിർവശം, മാനാഞ്ചിറ, തളി, ഗരുഡൻകുളം, കോഴിക്കോട് ബീച്ച് ഏരിയ എന്നിവിടങ്ങളിൽ സ്ഥലം കോഴിക്കോട് കോർപറേഷനിൽനിന്ന് വാടകക്കെടുത്ത് പാചകവാതക വിതരണത്തിന് ആവശ്യമായ ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്കിടുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. സ്ഥലം വാടകക്ക് നൽകാൻ കോർപറേഷൻ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട് . റവന്യൂ ഡിപ്പാർട്ട്മെന്റ് വാടക നിശ്ചയിക്കൽ ഉടൻ പൂർത്തിയാവുമെന്ന് കരുതുന്നു.
വാഹനങ്ങൾക്ക് ഇന്ധനം വിതരണം ചെയ്യുന്ന സി.എൻ.ജി പമ്പുകൾ ജില്ലയിൽ 18 എണ്ണവും വയനാട് ജില്ലയിൽ മൂന്നെണ്ണവും പ്രവർത്തനം തുടങ്ങി. ചേളന്നൂർ, മേപ്പയൂർ, വടകര മേഖലയിൽ ഓരോ പമ്പുകൾ വീതം പ്രവൃത്തി പുരോഗമിക്കുകയാണ്. മൂന്നു മാസത്തിനുള്ളിൽ പ്രസ്തുത പമ്പുകളും വാതക വിതരണത്തിന് പൂർണമായി സജ്ജമാകും. ജില്ലയിൽ അത്തോളി, കൊയിലാണ്ടി, അരയിടത്തുപാലം, എരഞ്ഞിപ്പാലം, താമരശ്ശേരി, മുക്കം, കൂരാച്ചുണ്ട്, പേരാമ്പ്ര, തിരുവമ്പാടി, കോക്കല്ലൂർ, വയനാട് ജില്ലയിൽ വൈത്തിരി, കാവുമന്നം എന്നീ സ്ഥലങ്ങളിൽ പുതിയ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടി പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.