കോഴിക്കോട്: മൂന്നുമാസത്തിനിടെ ജില്ലയിലെ വിവിധ റോഡുകളിലുണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 36 ജീവൻ. മുന്നൂറിലേറെ ബൈക്കപകടങ്ങളാണ് സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി റിപ്പോർട്ട് ചെയ്തത്. ഇതിലാണ് 36 പേർക്ക് ജീവൻ നഷ്ടമായത്. പത്തിലേറെ പേർ ഗുരുതര പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരിൽ കൂടുതൽപേരും യുവാക്കളും പത്തോളം പേർ പിൻസീറ്റ് യാത്രികരുമാണ്. അമിത വേഗം, ട്രാഫിക് സിഗ്നൽ ലംഘനം, അശ്രദ്ധ എന്നിവയാണ് മിക്ക അപകടങ്ങളുടെയും കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഇരുചക്രവാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും റോഡുകൾ വികസിക്കാത്തതും അപകടങ്ങൾ കൂടാനുള്ള കാരണങ്ങളാണ്. സിറ്റി പൊലീസ് പരിധിയിൽ 22ഉം റൂറൽ പരിധിയിൽ 14ഉം പേരാണ് മരിച്ചത്. അപകടങ്ങളേറെയും സിറ്റി പരിധിയിലാണ്. ശനിയാഴ്ച രാത്രി ഇരിങ്ങാടൻപള്ളി ഭാഗത്ത് ബൈക്ക് മതിലിലിടിച്ച് പെരുമണ്ണ സ്വദേശി തയ്യിൽ താഴത്ത് ആരുൺ (27) മരിച്ചതാണ് ഇരുചക്ര വാഹനാപകട മരണത്തിലെ അവസാനത്തേത്. ഹെൽമറ്റ് ധരിക്കാത്തതിനെതുടർന്ന്, അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റായിരുന്നു മുമ്പ് കൂടുതൽ ഇരുചക്രവാഹനാപകട മരണങ്ങളും സംഭവിച്ചിരുന്നത്. എന്നാൽ, ഏറെപേരും നിലവിൽ ഹെൽമറ്റ് ധരിക്കാൻ തുടങ്ങിയതോടെ തലക്ക് ഗുരുതര പരിക്കേറ്റുള്ള അപകടങ്ങൾക്ക് പൊതുവെ കുറവുണ്ട്.
സ്വകാര്യ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുമായി കൂട്ടിയിടിച്ചും ഇലക്ട്രിക് പോസ്റ്റ്, ചുറ്റുമതിൽ എന്നിവയിലിടിച്ചുമുള്ള അപകടങ്ങളും നിരവധിയാണ്. റോഡ് മുറിച്ചുകടക്കുന്നവരെ അമിത വേഗത്തിലെത്തുന്ന ബൈക്കുകൾ ഇടിച്ചുതെറിപ്പിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. ഇത്തരത്തിൽ നാലുമരണങ്ങൾ ഈ വർഷം ജില്ലയിലുണ്ടായി. താമരശ്ശേരി, പന്തീർപാടം ജങ്ഷൻ, രാമനാട്ടുകര, മൂരാട് പാലം, മടപ്പള്ളി, കൊങ്ങന്നൂർ, സൗത്ത് ബീച്ച്, ഫ്ലോറിക്കൻ റോഡ്, ഇരിങ്ങാടൻ പള്ളി, മലബാർ ക്രിസ്ത്യൻ കോളജ്, വടകര എന്നിവിടങ്ങളിലെല്ലാമാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ട് മരണങ്ങൾ സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.