കോഴിക്കോട് നഗരത്തിൽ 3070 പേർക്ക് തൊഴിലായി, 95.43 കോടിയുടെ നിക്ഷേപം

കോഴിക്കോട്:2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള കോർപറേഷന്റെ വീ ലിഫ്റ്റ് സമഗ്ര തൊഴിൽദാന പദ്ധതിവഴി 3070 പേർക്ക് തൊഴിൽ കിട്ടി. 1090 സ്ത്രീകൾക്കും 1980 പുരുഷന്മാർക്കുമാണ് വിവിധ മേഖലകളിൽ തൊഴിൽ കിട്ടിയത്. ഏഴുമാസത്തിനിടെയാണ് ഇത്രയും പേർക്ക് ജോലിയായത്.

ഇതുവഴി 95.43 കോടിയുടെ നിക്ഷേപം വന്നതായാണ് കണക്ക്. സംരംഭകൻ 20 ശതമാനം, ബാങ്ക് 80 ശതമാനം എന്നിങ്ങനെയാണ് പണം പണം ലഭിക്കുക. ഈ വിധമാണ് ഇത്രയും തുക നിക്ഷേപം വന്നതായി കണക്കാക്കുകയെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ അറിയിച്ചു. പദ്ധതി സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു.

ഉൽപാദന മേഖല, സർവിസ് മേഖല, ട്രേഡ് മേഖല തുടങ്ങി വിവിധ രംഗങ്ങളിലേക്ക് പദ്ധതിയിലേക്ക് പണം വന്നതായി കണക്കാക്കുന്നു. ഏപ്രിലിലാണ് വീ ലിഫ്റ്റ് പദ്ധതി തുടങ്ങിയത്. വ്യവസായ വകുപ്പ് വഴി 2699 തൊഴിലവസരങ്ങളും കുടുംബശ്രീ വഴി 371 അവസരങ്ങളും സൃഷ്ടിച്ചതായാണ് കണക്ക്.

തൊഴിൽ കിട്ടിയതിൽ 1106 പേർക്ക് കച്ചവടമേഖലയിലാണ് അവസരം ലഭിച്ചത്. വ്യവസായ വകുപ്പ് വഴി 1134 സംരംഭങ്ങളും കുടുംബശ്രീയിലൂടെ 133 എണ്ണവും തുടങ്ങി. കുടുംബശ്രീയുടെ നൈപുണ്യ പരിശീലനം വഴി വിവിധ കോഴ്സുകളിൽ പരിശീലനം കൊടുത്തുവരുന്നു. വെയർ ഹൗസിൽ പാക്കിങ്ങിന് 56 ആൾക്കും അക്കൗണ്ടിങ്ങിന് 22 പേർക്കും പഞ്ചകർമ ടെക്നീഷ്യനായി 56 പേരും പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം പഞ്ചകർമ, ഇലക്ട്രീഷ്യൻ, അക്കൗണ്ടന്റ് തസ്തികയിൽ 52 പേർക്ക് നിയമനം കിട്ടി. ഈ കൊല്ലം സംരംഭക വർഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്നതിനായി മാത്രം പ്ലാൻ പദ്ധതിയിൽ 1.8 കോടി രൂപ നഗരസഭ വകയിരുത്തിയിരുന്നു. 

ഹെൽപ് ഡെസ്കിൽ സഹായങ്ങൾ കൈയെത്തും ദൂരം

2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കണമെന്ന സർക്കാർ നിർദേശപ്രകാരം നഗരസഭ നടപ്പാക്കുന്ന 'വി ലിഫ്റ്റ്' സമഗ്ര തൊഴിൽദാന പദ്ധതിയുടെ ഭാഗമായുള്ള ഹെൽപ് ഡെസ്കിൽ സഹായങ്ങൾ എളുപ്പം കിട്ടും. നഗരസഭ ഓഫിസിന്‍റെ താഴെനിലയിൽ സംരംഭകർക്ക് സഹായകരമാകുന്നവിധം സംശയ നിവാരണത്തിനും മറ്റു സാങ്കേതിക സഹായങ്ങൾക്കും വേണ്ടിയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.

ഈ സംരംഭകവർഷംതന്നെ നഗരത്തിൽ 2850 സംരംഭങ്ങൾ ആരംഭിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ലൈസൻസ്, ലോൺ, കെ.എസ്.ഡബ്ല്യു, ഐ.എഫ്.ടി അപേക്ഷ നൽകൽ, ഉദ്യം രജിസ്ട്രേഷൻ, എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ, മറ്റു മാർഗനിർദേശങ്ങൾ എന്നിവക്ക് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം.

സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് ഓഫിസ് സമയത്തോ ഫോൺ നമ്പറിലോ ഹെൽപ് ഡെസ്കിൽ നിയോഗിച്ച വ്യവസായ വകുപ്പ് ഇന്‍റേൺസിന്‍റെ ഫോൺ നമ്പറിലോ ബന്ധപ്പെടാം. സംരംഭകവർഷമായി കൊണ്ടാടുന്നതിന്‍റെ ഭാഗമായാണ് കോഴിക്കോട് നഗരത്തിലും സംരംഭങ്ങൾ തുടങ്ങുന്നവരെ സഹായിക്കാനുള്ള പ്രത്യേക ജീവനക്കാരെ നിയമിച്ചത്.

Tags:    
News Summary - 3070 people were employed in Kozhikode city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.