കോഴിക്കോട്: നഗരത്തിൽ ശുചീകരണ തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരവേ 121 തൊഴിലാളികളെ നിയമിക്കാൻ കഴിഞ്ഞ ദിവസം കോർപറേഷൻ കൗൺസിലെടുത്ത തീരുമാനത്തിനെതിരെ ഭരണകക്ഷിയിൽ നിന്നടക്കം എതിർപ്പുമായി കൂടുതൽ പേർ രംഗത്ത്. 121 പേരെ നിയമിച്ചാലും 90 പേരുടെ ഒഴിവ് ഇനിയും ബാക്കിയാണ്. ഇത് എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്താൻ കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി തീരുമാനിച്ചു.
121 പേരെ തെരഞ്ഞെടുത്തതിൽ അപാകത ആരോപിച്ച് ഇടത് മുന്നണിയിലെ സ്വതന്ത്ര കൗൺസിലർ ടി.കെ. ചന്ദ്രൻ മേയർക്ക് വിയോജനക്കുറിപ്പ് നൽകിയിരുന്നു. പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നാരോപിച്ച് സി.പി.ഐ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയും രംഗത്തെത്തി. നിയമനത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബി.ജെ.പിയും അറിയിച്ചു. സ്വന്തക്കാരെ നിയമിക്കാനുള്ള ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ടുപോകുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ആരോഗ്യ വിഭാഗത്തിൽ മൊത്തം 122 ഒഴിവുകളാണുള്ളത്. ഇതിൽ കോടതി ഉത്തരവ് പ്രകാരം ഒരെണ്ണം മാറ്റിവെച്ച് ബാക്കി 121 ഒഴിവേിലേക്കാണ് നിയമനം നടത്താൻ തീരുമാനിച്ചത്. മൊത്തം 122 ഒഴിവിലേക്ക് ജില്ല എംപ്ലോയ്മെന്റ് ഓഫിസിൽ നിന്ന് 1075 പേരുടെ ലിസ്റ്റ് കിട്ടിയതിൽ മാർക്കിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിൽ 121 പേരെ തിരഞ്ഞെടുത്ത് ആരോഗ്യ സ്ഥിരംസമിതി അംഗീകരിച്ച് കൗൺസിലിൽ അവതരിപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ഏകപക്ഷീയമായ തീരുമാനമാണെന്നും അതിലുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്നും സിറ്റി കോർപറേഷൻ വർക്കേഴ്സ് യൂനിയൻ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ പറഞ്ഞു.
എംപ്ലോയ്മെന്റ് എക്ചേഞ്ചൽ നിന്നുള്ള ലിസ്റ്റ് വരുത്തി ഇന്റർവ്യൂ നടത്തിയെന്നത് സുതാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്റർവ്യൂ നടത്തി ലിസ്റ്റ് തയാറാക്കിയതിൽ കൂടിയാണ് മുഴുവൻ തിരിമറിയും നടന്നത്. താത്ക്കാലികമായി തൊഴിലാളികളെ നിയമിക്കുമെങ്കിലും ഒരു കൊല്ലത്തിനുള്ളിൽ ഇവരെ സ്ഥിരപ്പെടുത്തുമെന്നതാണ് കീഴ്വഴക്കം. അതിനാൽ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായും ആക്ഷേപമുണ്ട്. നിയമനത്തിനുള്ള കൗൺസിൽ അജണ്ട മാറ്റിവെക്കണമെന്ന ഭരണകക്ഷിയിലെ രണ്ടു പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും അത് തള്ളികളഞ്ഞുകൊണ്ടാണ് കൗൺസിലിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.