വനപർവം പക്ഷി സമൃദ്ധം. 35 ഇനം പക്ഷികളെ കണ്ടെത്തി

കോഴിക്കോട്​: താമരശ്ശേരി വനപർവം വനമേഖല പക്ഷികളാൽ സമ്പന്നമെന്ന് പഠന റിപ്പോർട്ട്. ലോക ദേശാടനപക്ഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹികവനവത്കരണ വിജ്ഞാന വിഭാഗം കോഴിക്കോട്, കോഴിക്കോട് ബേഡേഴ്സ്, കാക്കവയൽ വനസംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ . മാക്കാച്ചിക്കാട (​ശ്രീലങ്കൻ ഫ്രോഗ്​ മൗത്​), രാച്ചൗങ്ങൻ (ജേഡൻസ്​ നൈറ്റ്​ജാർ), പുള്ളിച്ചിലപ്പൻ (പഫ്​ ത്രോട്ടഡ്​ ബാബ്ലർ), തീക്കാക്ക (മലബാർ ട്രോഗൻ) എന്നിവ ഉൾപ്പടെ 35 ഇനം പക്ഷികളെയാണ്​ കണ്ടെത്തിയത്​. മാക്കാച്ചിക്കാടയുടെ ചിത്രം ആദ്യമായാണ് വനപർവത്തിൽ നിന്നും പകർത്തുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പക്ഷികളുടെ കണക്കെടുത്തത്. 38 പേർ സർവേയിൽ പങ്കെടുത്തു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കാക്കവയൽ വി.എസ്​.എസ്​ പ്രസിഡന്റ് കെ.എ. എബ്രഹാം അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഓഫിസർമായ ടി.സുരേഷ്, എം.ആർ. സുരേഷ്, ആൻസി ഡയാന, ഭവ്യ ഭാസ്കർ, പക്ഷി നിരീക്ഷകരായ വി.കെ. മുഹമ്മദ് ഹിറാഷ് ,എം.പി. സുബൈർ , യദു പ്രസാദ് എന്നിവർ നേതൃത്വം നല്കി. കോഴിക്കോട് ബേഡേഴ്സ് അംഗങ്ങളും കൊടുവള്ളി ഗവ.കോളജ് സുവോളജി വിഭാഗം വിദ്യാർഥികളും വനംവകുപ്പ് ജീനക്കാരും സർവേയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.