കോഴിക്കോട്: ജില്ലയുടെ കാർഷിക മേഖല കരകയറാൻ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 340.44 കോടി രൂപ. തെങ്ങ് കൃഷി, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, കരനെൽ കൃഷി, പച്ചക്കറി കൃഷി, കൂലിച്ചെലവിലെ സബ്സിഡി നൽകൽ തുടങ്ങിയ വിഭാഗങ്ങളിലായാണ് ഇത്രയും തുക ചെലവഴിച്ചത്. എന്നാൽ, കൃഷിഭൂമിയിലെ വന്യമൃഗ ശല്യം, പച്ചത്തേങ്ങക്ക് അടക്കം കാർഷിക വിഭവങ്ങൾക്ക് വേണ്ടത്ര വില ലഭിക്കാതിരിക്കൽ ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് കർഷകർ പറയുന്നത്. വിത്ത്, വളം സബ്സിഡികൾ സമയബന്ധിതമായി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കേരഗ്രാമം പദ്ധതി 6500 ഹെക്ടറിൽ പ്രാവർത്തികമാക്കാൻ മടവൂർ, നരിക്കുനി, പുറമേരി, ചങ്ങരോത്ത്, ഒളവണ്ണ, മണിയൂർ, ഉള്ളിയേരി, തുറയൂർ, കൊടിയത്തൂർ, ബേപ്പൂർ, വാണിമേൽ തുടങ്ങിയ 26 പഞ്ചായത്തുകളിലായി 675 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. തെങ്ങിൻ തോട്ടങ്ങളിൽ ലഭ്യമായ ഓലകൾ, ജൈവാവശിഷ്ടങ്ങൾ എന്നിവ ജൈവവളമാക്കാനുള്ള 73 കമ്പോസ്റ്റ് യൂനിറ്റുകൾ നിർമിച്ചു. നാളികേരോൽപാദനം വർധിപ്പിക്കാൻ 716 ജലസേചന പമ്പുസെറ്റുകൾ, തെങ്ങുകയറ്റ തൊഴിലാളി ദൗർലഭ്യം പരിഹരിക്കാൻ 120 തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. ഉൽപാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ 5166 തെങ്ങുകൾ മുറിച്ചുമാറ്റി പകരം തൈകൾ വെച്ചുപിടിപ്പിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ആവളപ്പാണ്ടി ഉൾപ്പെടുന്ന വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ 214 ഹെക്ടർ തരിശുനിലം കൃഷിയോഗ്യമാക്കി. തരിശ് ഭൂമിയിൽ കൃഷിചെയ്യാൻ ഹെക്ടറിന് 40,000 രൂപ പ്രകാരം 33.94 ഹെക്ടറിന് 13. 176 ലക്ഷം രൂപയുടെ സഹായം നൽകി. സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിലൂടെ ഹെക്ടറിന് 5500 രൂപ പ്രകാരം 113.04 ലക്ഷം രൂപയുടെ ധനസഹായം നേരിട്ട് കർഷകരുടെ കൈകളിലേക്ക് എത്തിച്ചു. കൂലിച്ചെലവ് സബ്സിഡി. ഹെക്ടറിന് 17,000 രൂപ വീതം 2.465 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകി. 1.3 കോടി രൂപ ചെലവഴിച്ച് ഏകദേശം 36.65 മെട്രിക് ടൺ പച്ചക്കറി അധികമായി ഉൽപാദിപ്പിച്ചു. സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ, കോളജുകൾ എന്നിവിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് 4000 വീതം ജില്ലയിലാകെ 193 സ്ഥാപനങ്ങൾക്കായി 77 ലക്ഷം രൂപ നൽകിയെന്നും കൃഷി വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.