വിദേശ ആക്രമണം ഒന്നിച്ചെതിർത്ത ഓർമയിൽ കോഴിക്കോടിന്റെ റമദാൻ 22

കോഴിക്കോട്​: വൈദേശികാക്രമണത്തെ നാട്ടുകാർ ഒന്നിച്ചെതിർത്ത സ്മരണയുണർത്തുന്ന ദിവസമാണ്​ നഗരത്തിന്​ റമദാൻ 22. പറങ്കിപ്പട ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്​കാൽ പള്ളി അഗ്​നിക്കിരയാക്കിയ ദിവസം​. ഹിജ്​റ 915 റമദാൻ 22ന് (1510 ജനുവരി മൂന്നിന്​) പറങ്കിപ്പട വാസ്​കോഡഗാമയുടെ പിൻഗാമിയായ അൽബുക്കർക്കിന്റെ നേതൃത്വത്തിൽ കല്ലായ് പുഴ വഴി നഗരത്തിൽ പ്രവേശിക്കുകയായിരുന്നു. തുറമുഖപട്ടണമായ കോഴിക്കോട്ടെ വിദേശ വ്യാപാര ആധിപത്യം പൂർണമായി കൈയടക്കിയ അറബികളെ ലക്ഷ്യംവെച്ചുള്ള ആക്രമണഭാഗമായാണ്​ കുറ്റിച്ചിറ മിശ്കാൽ പള്ളി തീയിട്ടത്​. അറബികളോടും മുസ്​ലിംകളോടും സ്നേഹസൗഹാർദം പുലർത്തിയ സാമൂതിരി രാജവംശം ഇതിനെതിരെ പടനയിച്ചു. ആക്രമണത്തി‍ന്റെ പ്രതികാരമെന്നോണം പോർചുഗീസുകാരുടെ ചാലിയം കോട്ട സാമൂതിരിയും മുസ്​ലിംകളും തകർത്ത്​​ അതിന്റെ മരങ്ങളടക്കം മിശ്​കാൽ പള്ളിയുടെ പുനർനിർമിതിക്ക് ഉപയോഗിച്ചുവെന്നാണ് ചരിത്രം. ഈ സംഘട്ടനത്തിൽ മുസ്​ലിംകളോടൊപ്പം നിരവധി നായർ പടയാളികൾ അണിനിരന്നതായും ഏറെ പേർ വീരമൃത്യുവരിച്ചതായും ചരിത്രത്തിലുണ്ട്. സാഹോദര്യത്തിന്റെ മായാത്ത അടയാളപ്പെടുത്തലിന്റെ ഓർമപുതുക്കലാണ് ഓരോ നോമ്പ് 22ഉം. ഇതിന്റെ ഭാഗമായി തിരുവണ്ണൂർ നടയിലെ സാമൂതിരിയുടെ ഭവനത്തിൽ ഞായറാ​ഴ്ച മിശ്കാൽ പള്ളി വൈദേശിക ആക്രമണം നേരിട്ടതിന്റെ ഓർമപുതുക്കൽ നടക്കും. ഖാദി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈകീട്ട് 4.30ന്​ കുറ്റിച്ചിറ പള്ളി നടത്തിപ്പുകാരും ഖാദിയുടെ കുടുംബാംഗങ്ങളുമെല്ലാം എത്തും. സാ​മൂതിരിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന്​ ഉപഹാരസമർപ്പണമുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.