ബാലുശ്ശേരി: എസ്.എസ്.എൽ.സിക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി നൂറു ശതമാനം വിജയം കൊയ്ത കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് റെക്കോഡ് തിളക്കം. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ(502 പേർ) പരീക്ഷ എഴുതി നൂറു ശതമാനം വിജയം നേടിയ കോക്കല്ലൂർ ഗവ.ഹൈസ്കൂൾ പരിമിതിക്കുള്ളിലിരുന്നാണ് റെക്കോഡ് വിജയം കൈവരിച്ചത്. പരീക്ഷ എഴുതിയ 502 പേരിൽ 502 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 95 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ 45 പേർ ഒമ്പത് എ പ്ലസും നേടി. കഴിഞ്ഞവർഷം 99.6 ആയിരുന്നു വിജയ ശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ടെങ്കിലും അധ്യാപകരുടെ കൂട്ടായ പരിശ്രമവും വിജയോത്സവം പദ്ധതിയുടെ പ്രവർത്തനവും ഇത്തവണത്തെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന് പ്രധാനാധ്യാപിക മോളി നാഗത്ത് പറഞ്ഞു. കൂടാതെ, സ്കൂൾ പി.ടി.എ, സ്കൂൾ വികസന സമിതി എന്നിവയുടെ ഇടപെടലുകളും വിജയത്തിന് പിന്നിലുണ്ട്. പിന്നാക്കമുള്ള വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസുകൾ നൽകിയാണ് മുന്നിലെത്തിച്ചത്. രക്ഷിതാക്കളുടെ സഹകരണത്തോടെ രാവിലെയും രാത്രിയും പ്രത്യേക ക്ലാസുകൾക്ക് അധ്യാപകർ നേതൃത്വം നൽകുകയുണ്ടായി. രക്ഷിതാക്കളുമായുള്ള നിരന്തര ബന്ധവും പഠനകാര്യത്തിൽ വിദ്യാർഥികൾക്ക് ഏറെ തുണയായിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയിൽനിന്നുകൊണ്ടാണ് കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം നേടിയത്. കിഫ്ബി ഫണ്ടിൽനിന്നുള്ള മൂന്നുകോടി രൂപ ചെലവിട്ട് മൂന്നു നിലകളിലുള്ള ഹൈടെക് സംവിധാനത്തോടെയുള്ള കെട്ടിടം പണിതിട്ടുണ്ടെങ്കിലും ഇപ്പോഴും ഏഴു ക്ലാസ് മുറികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന 18 ക്ലാസ് മുറികളുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് 12 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം പണിതിട്ടുള്ളത്. പുതിയ ക്ലാസ് മുറികൾ പണിയാനായി എം.എൽ.എ ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. പി.ടി.എ, സ്കൂൾ വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിനുപുറത്ത് സ്ഥലം വാങ്ങി കിണർ കുഴിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.