ചെറുവണ്ണൂർ ബാങ്ക് തെരഞ്ഞെടുപ്പ്: ഘടകകക്ഷികളെ വെട്ടി സി.പി.എം

പേരാമ്പ്ര: ചെറുവണ്ണൂർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് സീറ്റ് നിഷേധിച്ച് സി.പി.എം. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ, എൽ.ജെ.ഡി, എൻ.സി.പി കക്ഷികൾ നോമിനേഷൻ നൽകിയപ്പോൾ അവർക്ക് വഴങ്ങാതെ ഘടക കക്ഷികളോട് മത്സരിക്കാൻ സി.പി.എം തയാറായി. എന്നാൽ, സി.പി.എമ്മിന് മഹാഭൂരിപക്ഷമുള്ള ബാങ്കിൽ ജയിക്കാനാവില്ലെന്ന് ഉറപ്പുള്ള ഘടകകക്ഷികൾ വിശാല ഇടതുപക്ഷ ഐക്യം മുൻനിർത്തി മത്സരത്തിൽനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും സി.പി.എം അതിനെ പരിഹസിച്ചും അവരെ രൂക്ഷമായി വിമർശിച്ചും രംഗത്തെത്തി. സി.പി.എം മുന്നണിമര്യാദ പാലിച്ചില്ലെന്നുള്ള സി.പി.ഐ, എൽ.ജെ.ഡി, എൻ.സിപി നേതാക്കളുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം ചെറുവണ്ണൂർ, ആവള ലോക്കൽ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മുന്നണിമര്യാദയുടെ പേരിലാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകിയത്. പഞ്ചായത്തിൽ നിലവിലെ ഡ്രൈവറെ മാറ്റി സി.പി.ഐ നിർദേശിക്കുന്ന ആളെ ഡ്രൈവറായി വെക്കണമെന്ന ആവശ്യം സി.പി.ഐ ഉന്നയിച്ചു. ഈ കാര്യം ജില്ല എൽ.ഡി.എഫിന്റെ ശ്രദ്ധയിൽപെടുത്തി പരിഹാരം ഉണ്ടാക്കണമെന്നാണ് സി.പി.എം അവരെ അറിയിച്ചത്. എന്നാൽ, ഡ്രൈവറെ മാറ്റാത്തതിൽ പ്രതിഷേധിച്ച് ഒന്നര വർഷമായി എൽ.ഡി.എഫ് കൺവീനറായ സി.പി.ഐ നേതാവ് എൽ.ഡി.എഫ് യോഗം വിളിക്കാറില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. ചെറുവണ്ണൂർ സർവിസ് സഹകരണ ബാങ്കിൽ നിലവിൽ ഒമ്പത് ഡയറക്ടർമാരാണുള്ളത്. ഇതിൽ എൻ.സി.പിക്ക് പട്ടികജാതി സംവരണ സീറ്റും സി.പി. ഐക്ക് ഒരു ജനറൽ സീറ്റും ഉണ്ടായിരുന്നു. ബാങ്ക് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിനുള്ള അവസാന തീയതി വരെ എൽ.ഡി.എഫ് യോഗം വിളിച്ചുചേർക്കുന്നതിന് ഈ കക്ഷികൾ തയാറായില്ല. ഒരു ചർച്ചയും കൂടാതെ സി.പി.ഐ മൂന്നു ജനറൽ സീറ്റിലും എൽ.ജെ.ഡിയും എൻ.സി.പിയും രണ്ടു ജനറൽ സീറ്റിലും വീതം നോമിനേഷൻ നൽകി. എന്നാൽ, നോമിനേഷൻ പിൻവലിക്കുന്ന അവസാന ദിവസം വരെ ഇവർ ഏകീകരിച്ച് അഭിപ്രായം ഉണ്ടാക്കുന്നതിൽ മുൻകൈയെടുത്തില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. നോമിനേഷൻ പിൻവലിക്കുന്ന ദിവസം കഴിഞ്ഞതിനുശേഷം മത്സരത്തിൽനിന്ന് പിൻവാങ്ങുന്നതുകൊണ്ട് ഒരു ഗുണവുമില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ നടപടി ക്രമങ്ങളും പൂർത്തീകരിച്ച സന്ദർഭത്തിൽ വിശാലമായ ഇടതുപക്ഷ കാഴ്ചപ്പാട് മുൻനിർത്തി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നു എന്ന് പ്രഖ്യാപിക്കുന്നത് തികച്ചും പരിഹാസ്യമാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി. എല്ലാ കാലത്തും മുന്നണിമര്യാദ പാലിച്ചുകൊണ്ട് വിട്ടുവീഴ്ച ചെയ്ത പാരമ്പര്യമാണ് ചെറുവണ്ണൂരിലെ സി.പി.എം പാർട്ടിക്കുള്ളത്. ചെറുവണ്ണൂർ പഞ്ചായത്തിൽ നിലവിൽ എൽ.ജെ.ഡി മാത്രം നേതൃത്വം നൽകുന്ന രണ്ടു സഹകരണ സംഘങ്ങളുണ്ട്. മിനി ഇൻഡസ്ട്രിയൽ സഹകരണസംഘം കാലാകാലമായി സി.പി.ഐയാണ് ഒറ്റക്ക് ഭരിക്കുന്നത്. ആവള ക്ഷീരസഹകരണസംഘത്തിൽ ഭൂരിപക്ഷം അംഗങ്ങളും ഡയറക്ടർമാരും സി.പി.എമ്മിനാണ്. എന്നിട്ടും ക്ഷീരസംഘം പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് മുന്നണിമര്യാദ പാലിച്ചാണ് നൽകിയത്. എന്നാൽ, നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസം രാവിലെ സി.പി.എമ്മുമായി സി.പി.ഐ ചർച്ച നടത്തുകയും ഓരോ സീറ്റ് വീതം ഘടകകക്ഷികൾക്ക് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞെങ്കിലും സി.പി.എം തീരുമാനം പറയാത്തതുകൊണ്ടാണ് നോമിനേഷൻ പിൻവലിക്കാതിരുന്നതെന്ന് സി.പി.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.