പെരുന്നാൾ സായന്തനത്തിൽ ജനസാഗരത്തിര

കോഴിക്കോട്​: രണ്ടു വർഷം കോവിഡ്​ നിയന്ത്രണങ്ങളിൽ നിറംമങ്ങിയ ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ 'കളറായി'. സാമൂഹിക അകലമില്ലാതെ മനസ്സുകളെ ഒന്നിപ്പിക്കുന്ന ചെറിയപെരുന്നാൾ ദിനത്തിൽ രാവിലെ വിവിധ ഈദ്​ഗാഹുകളിലും പള്ളികളിലെ പെരുന്നാൾ നമസ്കാരങ്ങളിലും പ​ങ്കെടുക്കാൻ നിരവധി പേരാണെത്തിയത്​. ഭക്ഷണത്തിനും ബന്ധുവീടുകളിലെ സന്ദർശനത്തിനും ശേഷം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന്​ ആളുകൾ വിവിധയിടങ്ങളിലേക്ക്​ ഒഴുകിയെത്തി. ജില്ലയിലെ കടപ്പുറങ്ങൾ ജനസാഗരത്താൽ നിറഞ്ഞുകവിഞ്ഞു. ​കാപ്പാടും ബേപ്പൂരും കോഴിക്കോട്​ ബീച്ചിലുമെല്ലാം ഉച്ചക്ക്​ ശേഷം ജനങ്ങൾ കൂട്ടമായെത്തി. ജില്ലയിൽനിന്നുള്ളവർക്ക്​ പുറമേ മലപ്പുറം, വയനാട്​ ജില്ലകളിൽനിന്നും ബീച്ചുകളിലേക്ക്​ ആളുകളെത്തി. അന്തർ സംസ്ഥാന തൊഴിലാളികളും പെരുന്നാൾ ദിനത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിലെത്തി. കോഴിക്കോട്​ സൗത്ത്​ ബീച്ച്​ മുതൽ ഭട്ട്​റോഡ്​ വരെ ജനങ്ങൾ അണിനിരന്നു. ബീച്ച്​ റോഡിൽ നാലു കിലോമീറ്ററിലേറെ ദൂരം പാതയുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക്​ ചെയ്തിരുന്നു. നാലു മണിക്ക്​ ശേഷം എത്തിയവർക്ക്​ നിർത്തിയിടാൻ സ്ഥലമില്ലാതായി. ഗതാഗതം നിയന്ത്രിക്കാൻ വിവിധ സ്​റ്റേഷനുകളിൽനിന്ന്​ പൊലീസും സജ്ജമായിരുന്നു. കടലിൽ കുളിക്കുന്നതിന്​ നിയന്ത്രണമുണ്ടായിരുന്നില്ലെങ്കിലും ലൈഫ്​ ഗാർഡുമാർ ജനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. സ്വപ്നനഗരിയിലും മാനാഞ്ചിറ സ്ക്വയറിലും മിഠായിത്തെരുവിലും വിവിധ മാളുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.