പഞ്ചായത്ത് ഭരണസമിതി യോഗം: കാരശ്ശേരിയിൽ വിവാദം

മുക്കം: കാരശ്ശേരി പഞ്ചായത്തിൽ എൽ.ഡി.എഫ് മെംബർ മാരെ അറിയിക്കാതെ ഭരണസമിതി യോഗംചേർന്നതായി ആക്ഷേപം. കഴിഞ്ഞ 21ന് ചേർന്ന ഭരണസമിതി യോഗത്തിനെതിരെയാണ് ഇടത് മെംബർമാരായ കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, കെ.പി. ഷാജി, ഇ.പി. അജിത്ത്, കെ.കെ. നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ പ്രതിഷേധമുയർത്തുന്നത്. ഭരണസമിതി യോഗത്തിന് മൂന്ന് ദിവസം മുമ്പ് എല്ലാ അംഗങ്ങൾക്കും രേഖാമൂലം അജണ്ട വെച്ച് കത്ത് കൊടുക്കുകയും രജിസ്റ്ററിൽ ഒപ്പിട്ട് വാങ്ങുകയും വേണം. 24 മണിക്കൂർ മുമ്പ് നോട്ടീസ് നൽകി അടിയന്തരയോഗവും വിളിക്കാം. ഇത് അടിയന്തരപ്രാധാന്യമുള്ള ഒന്നോ രണ്ടോ വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണ്. എന്നാൽ, കാരശ്ശേരിയിൽ അനാവശ്യമായി അടിയന്തര യോഗം ചേരുകയാണ്. ഇതിലെ ചട്ടലംഘനം തങ്ങൾ പലപ്പോഴായി ചൂട്ടിക്കാണിച്ചിരുന്നെങ്കിലും തിരുത്താൻ പ്രസിഡന്റ് തയാറാകുന്നില്ല. 21ന് നടന്ന യോഗം അറിയിച്ചില്ലെന്ന് മാത്രമല്ല, 24 മണിക്കൂർ മുമ്പ് നോട്ടീസ് പോലും തയാറാക്കിയിരുന്നില്ലെന്നും ഇടത് മെംബർമാർ പറഞ്ഞു. മഴക്കാലപൂർവ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് തങ്ങളുടെ വാർഡുകളിൽ പ്രത്യേക യോഗം നടത്തുന്ന സമയത്താണ് രഹസ്യമായി ഭരണസമിതി ചേർന്നതെന്നും അവർ പറഞ്ഞു. അതേസമയം, എൽ.ഡി.എഫ് മെംബർമാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡൻറ് വി.പി. സ്മിത പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെയും ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെയും ഭാഗമായി മുഴുവൻ വാർഡുകളിലും ഞായറാഴ്ച ഗ്രാമസഭകൾ വിളിച്ചുചേർക്കാനുള്ള സർക്കാർനിർദേശം സംബന്ധിച്ച കാര്യങ്ങളും തെളിനീരൊഴുകും നവകേരളം പദ്ധതി കാര്യങ്ങൾ ചർച്ച ചെയ്യാനുമാണ് അടിയന്തര ഭരണസമിതി യോഗം വിളിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് കൈപ്പറ്റാൻ എൽ.ഡി.എഫ് മെംബർമാർ തയാറായില്ലെന്നും പ്രസിഡൻറ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.